ദിലീപിനെ ജയിലിൽ പോയി കണ്ടതിന്റെ സത്യം വെളിപ്പെടുത്തി രഞ്ജിത്ത്
ജയിലിൽ പോയി ദിലീപിനെ കണ്ടത് ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായാണെന്നും രഞ്ജിത് വ്യക്തമാക്കി.
തിരുവനന്തപുരം: നടൻ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. ജയിലിൽ പോയി ദിലീപിനെ കണ്ടത് ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായാണെന്നും രഞ്ജിത് വ്യക്തമാക്കി.
ദിലീപുമായി അടുത്ത ബന്ധം ഇല്ല. നടൻ സുരേഷ് കൃഷ്ണ പോയപ്പോൾ കൂടെ പോയതാണ്. ജയിലിന് പുറത്ത് നിൽക്കുന്നത് കണ്ട് ചർച്ചകൾ ഒഴിവാക്കാനാണ് അകത്ത് കയറിയത്. കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ലെന്നും രഞ്ജിത് വ്യക്തമാക്കി. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് ചെയ്തത്. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടായിരുന്ന സമയമുണ്ടായിരുന്നു. കേസ് കോടതിയിലാണ്. തന്നെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും രഞ്ജിത് പ്രതികരിച്ചു.
ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിലേക്ക് ഭാവനയെ ക്ഷണിച്ചത് വ്യക്തിപരമായാണെന്നും ഇതിന് പിന്നിൽ നാടകീയമായ ഒരു മുഹൂർത്തം ഉണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും രഞ്ജിത് പറഞ്ഞു. ഓരോ വിമർശനങ്ങൾക്കും എണ്ണി എണ്ണിയാണ് രഞ്ജിത്ത് മറുപടി പറഞ്ഞത്. ഭാവനയെ താനാണ് വ്യക്തിപരമായി ഐഎഫ്എഫ്കെയ്ക്ക് ക്ഷണിച്ചതെന്നും അതൊരു നാടകീയ മുഹൂർത്തമാക്കാൻ വേണ്ടിയല്ലെന്നും രഞ്ജിത്ത് പറഞ്ഞു.
വളരെ ഞെട്ടലോടെയാണ് പ്രേക്ഷകർ ഭാവനയുടെ വരവ് കണ്ടത്. ഉദ്ഘാടന ചടങ്ങിലെ അതിഥികളുടെ പേരിൽ ഭാവന ഉണ്ടായിരുന്നില്ല. ഭാവനയുടെ പേര് സംവിധായകൻ രഞ്ജിത്ത് പറഞ്ഞതോടെ എഴുനേറ്റ് നിന്ന് വൻ കയ്യടികളോടെയാണ് ജനങ്ങൾ നടിയെ വരവേറ്റത്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു രഞ്ജിത്ത് ക്ഷണിച്ചത്.
ഞാൻ ജയിലിൽ പോയി ദിലീപിനെ കണ്ടുവെന്നത് ഉയർത്തിക്കാട്ടി കഴിഞ്ഞ ദിവസത്തെ കാര്യത്തെ കുറച്ച് കാണിക്കുന്നവരോട് പറയാനുള്ളത്, ഇതുകൊണ്ടൊന്നും എന്നെ പേടിപ്പിക്കാനാകില്ലെന്നാണ്. എനിക്ക് എന്റെ നിലപാടുകൾ ഉണ്ട്. അതനുസരിച്ച് മുന്നോട്ട് പോകുമെന്നും രഞ്ജിത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...