കെ.വി തോമസിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്യും; അച്ചടക്ക സമിതി സസ്പെൻഷന് ശുപാർശ ചെയ്തു; അന്തിമതീരുമാനം സോണിയ ഗാന്ധിയുടേത്
അച്ചടക്ക സമിതി ചേർന്ന് കടുത്ത നടപടികളിലേക്ക് പോകണം എന്നതായിരുന്നു കെപിസിസിയുടെ ആവശ്യം
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് സസ്പെൻഷനെന്ന് സൂചന. രണ്ട് വർഷത്തേക്ക് സസ്പെന്‍റ് ചെയ്യാനാണ് സാധ്യത. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് തോമസിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കെപിസിസി ആവശ്യപ്പെട്ടിരുന്നു. ദില്ലിയിൽ ചേർന്ന അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകും. കണ്ണൂരിൽ നടന്ന സിപിഎമ്മിൻ്റെ 23-ാമത് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് പിന്നാലെയാണ് കെ വി തോമസിനെതിരെ നടപടി വേണമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.
അച്ചടക്ക സമിതി ചേർന്ന് കടുത്ത നടപടികളിലേക്ക് പോകണം എന്നതായിരുന്നു കെപിസിസിയുടെ ആവശ്യം. കെപിസിസി എഐസിസി നേതൃത്വത്തിന് ഇത് സംബന്ധിച്ച് കത്തയച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദില്ലിയിൽ എ.കെ ആൻ്റണിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് അച്ചടക്ക സമിതി യോഗം ചേർന്നത്. ഇതിന് പിന്നാലെയാണ് കെ.വി തോമസിനെ സസ്പെൻഡ് ചെയ്തതായുള്ള സൂചനകൾ പുറത്ത് വരുന്നത്. രണ്ടുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്യാനാണ് അച്ചടക്ക സമിതി യോഗം ശുപാർശയിലൂടെ തീരുമാനിച്ചിരിക്കുന്നത്.
ഇത് വൈകാതെ സോണിയാഗാന്ധി കൈമാറിയേക്കും. തോമസ് എഐസിസിയുടെ മുതിർന്ന നേതാവായതിനാൽ ഹൈക്കമാൻഡാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കെ.വി തോമസ് അച്ചടക്ക സമിതിക്ക് മുന്നിൽ വിശദീകരണം നൽകിയെങ്കിലും ഇത് തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ നേതൃത്വം ഒരുങ്ങുന്നത്.
എന്നാൽ ഒരു അവസരം കൂടി നൽകികൊണ്ട് നേരിട്ട് വിശദീകരണം ബോധിപ്പിക്കാനുള്ള അവസരം കൂടി നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന് പാർട്ടി നേതൃത്വം ശശി തരൂരിനും കെ.വി തോമസിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ശശി തരൂര്‍ കോൺഗ്രസിൽ പങ്കെടുക്കാതിരുന്നപ്പോൾ തോമസ് പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ശശി തരൂരിനും തോമസിനും പാർട്ടിയിൽ ഇരട്ട നീതിയാണോ എന്നു വരെ ചോദ്യ ശരങ്ങൾ ഉയർന്നിരുന്നു.