Doctor Stabbed To Death: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്
Minister Veena George: ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണെന്നും എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഡോ. വന്ദന ദാസിൻ്റെ മരണത്തിൽ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. വളരെ ദാരുണമായ, നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ കൊലപാതകത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആക്രമണത്തിൽ പോലീസുകാരന് തലക്ക് കുത്തേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് ഡോക്ടർമാർ പരമാവധി ശ്രമിച്ചിരുന്നു. ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാവിലെ അഞ്ചിനാണ് പ്രതിയെ വൈദ്യപരിശോധനക്കെത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായി ആക്രമണം നടത്തിയത്.
പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണെന്നും എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് യുവാവിന്റെ ആക്രമണത്തിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. കത്രിക ഉപയോഗിച്ചാണ് പ്രതി ഡോക്ടർ ഉൾപ്പെടെ അഞ്ച് പേരെ കുത്തിയത്. കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് (22) ആണ് മരിച്ചത്. ചികിത്സയ്ക്കായി പോലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആശുപത്രിക്കുള്ളിൽ ആക്രമണം നടത്തിയത്.
വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. ഡോക്ടർ ഉൾപ്പെടെ അഞ്ച് പേരെ പ്രതി കത്രിക കൊണ്ടാണ് കുത്തിയത്. വനിതാ ഡോക്ടർക്ക് നെഞ്ചിലാണ് കുത്തേറ്റത്. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു ആശുപത്രിയിൽ അക്രമം നടത്തിയത്.
ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. ഡോ. വന്ദന ദാസിന് നെഞ്ചിലും പുറകിലും കുത്തേറ്റിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ.
നാളെ രാവിലെ എട്ട് മണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...