നവീന്റെയും ജാനകിയുടെയും ഡാന്‍സ് ജിഹാദാക്കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ഷിംനാ അസീസ്
തൃശൂര്‍ മെഡിക്കല്‍ കൊളേജ് വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖിന്‍റെയും ജാനകിയുടെയും ഡാന്‍സ് വീഡിയോ വൈറലായതിന് പിന്നാലെ വര്‍ഗീയത പറഞ്ഞവര്‍ക്കെതിരെ ഡോ. ഷിംനാ അസീസ്....
തൃശൂര്‍ മെഡിക്കല്‍ കൊളേജ് വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖിന്‍റെയും ജാനകിയുടെയും ഡാന്‍സ് വീഡിയോ വൈറലായതിന് പിന്നാലെ വര്‍ഗീയത പറഞ്ഞവര്‍ക്കെതിരെ ഡോ. ഷിംനാ അസീസ്....
മെഡിക്കല്‍ കോളജ് വരാന്തയില്‍ "റാ റാ റാസ്പുടിന്‍… ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍…” എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. വെറും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. നവീന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നൃത്തവീഡിയോ പുറത്തുവിട്ടത്.
നിരവധിയാളുകള്‍ ഇരുവരെയും പ്രശംസിച്ച് രംഗത്തെത്തിയപ്പോള്‍ കലയിലും വര്‍ഗീയത പറഞ്ഞെത്തിയവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ഡോ. ഷിംനാ.... തന്‍റെ ഫേസ്ബുക്കിലൂടെയായിരുന്നു ഡോക്ടറുടെ പ്രതികരണം.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ജാനകിയും നവീനും തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്‌ഥികളാണ്. നല്ല അസ്സലായി ഡാന്‍സ് ചെയ്യും. അവര്‍ ആസ്വദിച്ച് ചെയ്‌തൊരു ഡാന്‍സിന്റെ വീഡിയോ ക്ലിപ്പിങ്ങ് വൈറലായി. സ്‌ക്രബ്‌സ് ധരിച്ച് ആശുപത്രിയിലെ ഒരൊഴിഞ്ഞ വരാന്തയില്‍ നിന്നാണ് ആ വീഡിയോ ഷൂട്ട് ചെയ്‌തിരിക്കുന്നത്.
അവരെ സംബന്ധിച്ചിടത്തോളം ആ കെട്ടിടം അവര്‍ പഠിക്കുന്ന സ്‌ഥാപനം കൂടിയാണ്. അതിന് ചികിത്സയുമായി നേരിട്ട് ബന്ധമില്ലാത്ത ഒരുപാട് ഏരിയയുണ്ടെന്നത് എനിക്കും നേരിട്ടറിയാം. രോഗികള്‍ കിടക്കുന്നിടത്ത് പോയി ആരും റാ റാ റാസ്‌പുടിന്‍ പാടി ഡാന്‍സ് ചെയ്യില്ല. ഞങ്ങള്‍ പഠിക്കുന്ന (ഏറ്റവും ചുരുങ്ങിയത് അഞ്ചര വര്‍ഷം) കാലത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ആ ചുമരുകള്‍ക്ക് സ്വന്തമാണ്.
ഇനി ഡോക്ടര്‍മാരോ മെഡിക്കല്‍ സ്‌റ്റുഡന്റ്‌സോ ആടാനോ പാടാനോ പാടില്ലേ? എല്ലാ മനുഷ്യര്‍ക്കുമുള്ള ചിരിയും കളിയും സന്തോഷവുമൊക്കെ അവകാശമുള്ള കൂട്ടരാണ് ഞങ്ങളും. എല്ലാ കാലത്തും പഠിച്ച മെഡിക്കല്‍ കോളേജിലെയും പഠിപ്പിച്ച കോളേജിലെയും സന്ദര്‍ശിച്ചിട്ടുള്ള സകല കോളേജുകളിലെയും കുട്ടികളുടെ കലാഭിരുചികള്‍ പ്രോത്‌സാഹിപ്പിച്ചിട്ടേയുള്ളൂ. ഇനിയുമത് ചെയ്യും. ഡോക്ടര്‍ ആണെന്ന് വെച്ച് ഗൗരവവും എയര്‍പിടിത്തവും വേണമെന്നാണെങ്കില്‍ ഞങ്ങള്‍ക്കതിന് സൗകര്യമില്ല. അങ്ങനെ വേണ്ടവര്‍ അങ്ങനെ കഴിഞ്ഞോട്ടെ, ഇങ്ങനെയും ചിലരുണ്ടാകും.
അവര്‍ വൈറലായതിന്‍റെ അസ്വസ്‌ഥതയും അസൂയയുമാണെങ്കില്‍ അതങ്ങ് സമ്മതിച്ചേക്കണം. അത്രക്ക് ഭംഗിയോടെ അനായാസമായി വെച്ച ചുവടുകള്‍ കണ്ടാല്‍ അംഗീകരിക്കണമെങ്കിലും ഒരു മിനിമം ക്വാളിറ്റി വേണമെന്നത് മനസ്സിലാക്കുന്നു.
ഇനി ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചതാണ് വിഷയമെങ്കില്‍ തലയിലേക്ക് കയറിയിരിക്കുന്ന ആ അവയവത്തിന്‍റെ സ്‌ഥാനം അവിടെയല്ല, കുറച്ച് താഴെയാണെന്ന് ഓര്‍ക്കുമല്ലോ.
ഒരൈറ്റം കൂടിയുണ്ട്. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്‌ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട്. മെഡിക്കല്‍ കോളേജില്‍ കൂടിയേ വര്‍ഗീയ വിഷം കലങ്ങാനുള്ളൂ.ഒന്നിച്ച് ഡാന്‍സ് കളിക്കുന്നോരൊക്കെ തമ്മില്‍ പ്രേമമാണെന്ന തിയറി എവിടുന്നാണ്? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്? വിട്ട് പിടിക്ക്. സ്ലട്ട് ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട് വേണ്ട.
അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട് മക്കള്‍ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കില്‍ കാണേണ്ടാന്നേ.... മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങള്‍. നാണമില്ലേടോ !!