കോവളം സുരക്ഷാ മേഖലകളില്‍ ഡ്രോൺ; പൊലീസും ഇന്‍റലിജൻസും അന്വേഷണം ആരംഭിച്ചു
കോവളം, കൊച്ചുവേളി തീരപ്രദേശങ്ങളില്‍ രാത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി.
തിരുവനന്തപുരം: കോവളം, കൊച്ചുവേളി തീരപ്രദേശങ്ങളില്‍ രാത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി.
കോവളത്ത് വ്യാഴാഴ്ച രാത്രിയില്‍ പട്രോളിംഗ് നടത്തിയ പോലീസാണ് രാത്രി ഒരു മണിയോടെ ഡ്രോണ്‍ കാമറ ശ്രദ്ധിച്ചത്. സംഭവത്തില്‍ പോലീസും ഇന്റലിജന്‍സും സംയുക്ത അന്വേഷണം തുടങ്ങി. സുരക്ഷാ മേഖലകളിലാണ് ഡ്രോൺ പറത്തിയത് എന്നത് സംഭവത്തിന്‍റെ ഗൗരവം കൂട്ടുന്നു.
വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് ഡ്രോണ്‍ കണ്ടെത്തിയത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശനനിർദേശം നൽകിയിരുന്നു. കടൽമാർഗം ഭീകരർ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നിർദേശം നൽകി. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാൻ പഴുതടച്ച അന്വേഷണം നടത്താൻ പൊലീസും ഇന്‍റലിജൻസും തീരുമാനിച്ചിരിക്കുന്നത്.
പൊലീസുമായി സഹകരിച്ചാകും ഇന്‍റലിജൻസിന്‍റെ അന്വേഷണം. പ്രദേശത്ത് ഷൂട്ടിംഗ് നടത്താനാണ് ഡ്രോൺ പറത്തിയതെങ്കിൽ അത് പകൽ മാത്രമേ നടത്താറുള്ളൂ. പൊലീസ് അനുമതിയില്ലാതെ അർദ്ധരാത്രി ആരാണ് ഡ്രോൺ പറത്തിയതെന്നാണ് അന്വേഷിക്കുന്നത്.