Dyfi makes manushya changala: ലക്ഷക്കണക്കിനാളുകൾ അണിചേർന്നു; കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ മനുഷ്യചങ്ങല തീർത്ത് ഡിവൈഎഫ്ഐ
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിലെ പ്രവർത്തകരും നേതാക്കളും പരിപാടിയുടെ ഭാഗമായി. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെ ഡിവൈഎഫ്ഐയെ മനുഷ്യചങ്ങലയിൽ വിമർശിക്കുന്നു.
തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ മനുഷ്യചങ്ങല തീർത്ത് ഡിവൈഎഫ്ഐ. ലക്ഷക്കണക്കിനാളുകൾ അണിചേർന്ന മനുഷ്യച്ചങ്ങലയിൽ എ എ റഹീം എംപി കാസർഗോഡ് ആദ്യകണ്ണിയും ഇ പി ജയരാജൻ തിരുവനന്തപുരത്ത് അവസാന കണ്ണിയുമായി. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ ജില്ലകളിലായി പങ്കെടുത്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും മനുഷ്യചങ്ങലയിൽ അണിചേർന്നു.
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ഡിവൈഎഫ്ഐ മനുഷ്യചങ്ങലയുമായി രംഗത്തിറങ്ങിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിലെ പ്രവർത്തകരും നേതാക്കളും പരിപാടിയുടെ ഭാഗമായി. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെ ഡിവൈഎഫ്ഐയെ മനുഷ്യചങ്ങലയിൽ വിമർശിക്കുന്നു. കേന്ദ്രം നടത്തുന്ന നിയമന നിരോധനവും റെയിൽവേ യാത്രക്കാരോട് കാണിക്കുന്ന ക്രൂരതയും അവസാനിപ്പിക്കണമെന്നും DYFI ആവശ്യപ്പെട്ടു. ദേശീയപാതകളിൽ ഇടമുറിയാതെ പരസ്പരം കൈകോർത്തുപിടിച്ച് പതിനായിരങ്ങൾ ഒത്തുചേർന്നു. തുടർന്ന് കേന്ദ്രം കേരളത്തോട് കാണിക്കുന്ന നിഷേധാത്മക സമീപനങ്ങൾക്കെതിരെ ദൃഢപ്രതിജ്ഞയും ചൊല്ലി.
കണ്ണൂരിൽ പി ജയരാജൻ, പി കെ ശ്രീമതി, സാഹിത്യകാരൻ എം മുകുന്ദൻ, കോഴിക്കോട് കെ പി രാമനുണ്ണി, നടൻ ഇർഷാദ് തുടങ്ങിയവർ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. എളമരം കരീം, ടി.പി രാമകൃഷ്ണൻ അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും കോഴിക്കോട് പങ്കെടുത്തു. മലപ്പുറത്ത് എ. വിജയരാഘവനും, കെ.ടി. ജലീലും, നിലമ്പൂർ ആയിഷയും പാലക്കാട് എ കെ ബാലൻ, പാലൊളി മുഹമ്മദ് കുട്ടി, ചെണ്ടമേള വിദ്യാൻ മട്ടന്നൂർ ശങ്കരൻക്കുട്ടി മാരാർ തുടങ്ങിയവർ ജാഥയുടെ ഭാഗമായി.
തൃശ്ശൂരിൽ സച്ചിദാനന്ദൻ്റെ നേതൃത്വത്തിലാണ് മനുഷ്യച്ചങ്ങല നടന്നത്. എറണാകുളത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിന് പുറമേ സിനിമാരംഗത്ത് നിന്ന് ആഷിക് അബുവും സാഹിത്യകാരൻ പ്രൊഫ. എം.കെ.സാനുവും പങ്കാളികളായി. ആലപ്പുഴയിൽ ഡോ. ടി.എം തോമസ് ഐസക്കും ബെന്യാമിനും മനുഷ്യച്ചങ്ങല തീർത്തപ്പോൾ പത്തനംതിട്ട കോട്ടയം ജില്ലയിൽ നിന്നുള്ള പ്രവർത്തകരും ആലപ്പുഴ ജില്ലയ്ക്കൊപ്പമാണ് അണിച്ചേർന്നത്. കൊല്ലത്ത് മുൻമന്ത്രി കെ.കെ ശൈലജ പരിപാടിക്ക് നേതൃത്വം വഹിച്ചു.
അതേസമയം, തിരുവനന്തപുരത്തേക്ക് മനുഷ്യച്ചങ്ങല എത്തിയപ്പോൾ രാജഭവന് മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ, എസ്. രാമചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറി വി.ജോയ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യമാണ് മനുഷ്യച്ചങ്ങലയ്ക്ക് ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണ വിജയനും പേരക്കുട്ടിയും തിരുവനന്തപുരത്ത് പങ്കെടുത്തു.
നവകേരളസദസ്സ് വൻ വിജയമാണെന്ന സിപിഎം വിലയിരുത്തലിന് പിന്നാലെ എത്തുന്ന മനുഷ്യചങ്ങലയ്ക്ക് ഏറെ രാഷ്ട്രീയപ്രാധാന്യം കൂടിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര നയങ്ങൾക്കെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാൻ കൂടി വേണ്ടിയാണ് മനുഷ്യച്ചങ്ങലയുമായി ഡിവൈഎഫ്ഐ രംഗത്തിറങ്ങിയത്. അടുത്തമാസം എട്ടിന് ദില്ലിയിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും ചേർന്ന് സമരം സംഘടിപ്പിക്കുന്നതിന് മുന്നോടിയായുള്ള ട്രെയൽ റണ്ണായി കൂടി ഇന്നത്തെ പ്രതിഷേധത്തെ വിലയിരുത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.