തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെയാണ് സമീപിച്ചത്. സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്ഐയെ വിളിച്ചറിയിക്കുകയായിരുന്നു. എസ്ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സനലിന്‍റെ മരണത്തില്‍ പൊലീസ് വീഴ്ച സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് രംഗത്തെത്തി. സനലിനെ പൊലീസ് നേരിട്ട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയില്ലെന്ന് അനീഷ് പറഞ്ഞു. ഡ്യൂട്ടി മാറാന്‍ പൊലീസുകാര്‍ സ്റ്റേഷന് മുന്നില്‍ ആംബുലന്‍സ് പിടിച്ചിട്ടു. കരമന വരെ സനലിന് ജീവനുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു.


നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് അനാസ്ഥക്ക് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചോരയൊലിച്ചു കിടന്ന സനലിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ല. അര മണിക്കൂറിന് ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ച സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനും വൈകി. വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.


ഏകദേശം 5 മിനിറ്റിലധികമാണ് ആംബുലന്‍സ് പൊലീസ് സ്റ്റേഷന് മുന്നില്‍ കിടന്നത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സനലിനെ ഉടന്‍ ആശുപത്രയിലെത്തിക്കാതെ ഗുരുതര അനാസ്ഥ പൊലീസ് കാണിച്ചുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.


പൊലീസ് അനാസ്ഥ പുറത്തുവന്നതോടെ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സജീഷ് കുമാര്‍, ഷിബു എന്നിവരെ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.