പാലക്കാട്:  പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയെ  വലിച്ചിഴച്ചത് വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്...


COMMERCIAL BREAK
SCROLL TO CONTINUE READING

BJP നേതാവും എംപിയുമായ  മേനക ഗാന്ധിയാണ് വിവാദ് പരാമര്‍ശം നടത്തിയത്.  മലപ്പുറം ജില്ല ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തില്‍. സർക്കാർ ഇതുവരെ ഒരാൾക്കെതിരെയും നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു  മേനക ഗാന്ധിയുടെ   ട്വീറ്റ് ...


സംഭവം നടന്നത്  പാലക്കാട് ജില്ലയിലാണ്. പക്ഷെ തന്‍റെ ട്വീറ്റില്‍ മേനക ഗാന്ധി പരാമര്‍ശിച്ചത് മലപ്പുറമാണ്....  ജില്ല മാറി  നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.  ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ സംഭവം ഇപ്പോള്‍ കേരളത്തിനെതിരേയുള്ള പ്രചാണത്തിന് ആയുധമാക്കപ്പെടുന്നതായിട്ടാണ് കാണുവാന്‍ കഴിയുന്നത്. 


അതേസമയം, മേനക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശവുമായി  പ്രശസ്ത ഡോക്ടര്‍ ഷിംന അസീസ് രംഗത്തെത്തിയിരിയ്ക്കുകയാണ്.   മലപ്പുറ൦കാരിയായത്തില്‍ നിറഞ്ഞ അഭിമാനം മാത്രമെന്ന്  പരാമര്‍ശിക്കുന്ന അവര്‍ സാധിക്കുമെങ്കിൽ ഇത്തിരി നാൾ ഇവിടൊന്ന്‌ കഴിഞ്ഞ്‌ നോക്കണമെന്നും മേനക ഗാന്ധിയോട്  പറയുന്നുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ:- 


മലപ്പുറത്ത്‌ ഇത്തരം സംഭവങ്ങൾ നിത്യമാണത്രേ !! മനേക ഗാന്ധി, ആനക്ക്‌ ദുരന്തം സംഭവിച്ചത്‌ മലപ്പുറത്തല്ല. പാലക്കാട് ജില്ലയിലാണ്‌.  ആ നൊമ്പരം അത്രക്കങ്ങ്‌ ചങ്കിൽ കൊള്ളുന്നെങ്കിൽ തറവാട്ടീന്ന്‌ ഇറക്കി കൊണ്ടു വന്ന്‌ നട്ടപ്പൊരിവെയിലത്ത്‌ നിർത്തി അവയെ ആവും വിധം പീഡിപ്പിക്കുന്ന യഥേഷ്ടം പരിപാടികൾ ഉണ്ടിവിടെ. അത്‌ കണ്ടപ്പോഴൊന്നും നിങ്ങൾക്ക് സങ്കടം വന്നീലാ?


പൂരത്തിനും എഴുന്നള്ളിപ്പിനും ആന കൊള്ളുന്ന വെയിലും അതിന്‌ ഉണ്ടാകുന്ന ഭയവും സംഘർഷവുമൊക്കെ പിന്നെ കുളിർമഴയാ? അതൊന്നും കണ്ടിട്ട്‌ അന്തരംഗത്തിൽ ആന്ദോളനം ഉണർന്നില്ലാ? ഉണരൂല, അതങ്ങനാ. ഓ... അത്‌ പിന്നെ മലപ്പുറത്തല്ലല്ലോ. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഈ ജില്ല ഇന്നും പിന്നിലാണ്‌.


ഞങ്ങളുടെ നാട്ടിലാരും റോഡിൽ വിഷമെറിഞ്ഞ്‌ നായ്‌ക്കളേയും പക്ഷികളേയും കൊല്ലുന്നത്‌ കണ്ടിട്ടില്ല. നിങ്ങൾ പറയുന്ന വയലൻസും ഞങ്ങളുടേതല്ല. ഒരിക്കലെങ്കിലും വന്ന്‌ നോക്കണം ഹേ, ഞങ്ങൾക്കിടയിൽ. സാധിക്കുമെങ്കിൽ ഇവിടൊന്ന്‌ കഴിഞ്ഞ്‌ നോക്ക്‌ ഇത്തിരി നാൾ.


എന്തറിഞ്ഞിട്ടാണാവോ മൃഗസ്‌നേഹിയുടെ മാതൃഹൃദയത്തിൽ മുറിവേറ്റത്‌ !! കിട്ടിയ താപ്പിന്‌ ഞങ്ങടെ നെഞ്ചത്തേക്ക്‌ കയറുന്നോ? അനാവശ്യം പറയരുത്‌. ആനയോട്‌ ചെയ്‌തത്‌ അങ്ങേയറ്റം നീചമാണ്‌. ചെയ്‌തവർ ഏത്‌ ജില്ലക്കാരായാലും രാജ്യക്കാരായാലും അന്യഗ്രഹജീവിയായാലും കൊടുംപാതകമാണത്‌.


ഏതായാലും, ഈ കളിയിൽ മലപ്പുറമില്ല. ഉണ്ടെങ്കിൽ മറ്റാരേക്കാളും മുൻപ്‌ എതിർക്കുന്നതും ഞങ്ങളാവും. വല്ലാതങ്ങ്‌ എറിയാൻ നോക്കാതെ, കറങ്ങി ചുറ്റി ആ കൊനിഷ്‌ട്‌ തലച്ചോറ്‌ സ്‌റ്റഫ്‌ ചെയ്‌ത മസ്‌തകത്തിൽ തന്നെ വന്നടിക്കും. മൃഗസ്‌നേഹം പോലും!! വിഷം ഇവിടത്തെ റോഡിലല്ല, അവിടത്തെ മനസ്സിലാണ്‌. മലപ്പുറത്തിന്റേതായതിൽ നിറഞ്ഞ അഭിമാനം മാത്രം. അന്നും. എന്നും.