Kannur Resort Fire: കണ്ണൂരിൽ റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു
ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ചതാണ് റിസോർട്ടിന് തീയിടാൻ കാരണമായതെന്നാണ് വിവരം.
കണ്ണൂര്‍: കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. റിസോര്‍ട്ടിന് തീയിട്ട ശേഷം ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. ഇയാൾ 12 വർഷമായി ഈ റിസോർട്ടിലെ കെയർ ടേക്കറാണ്.
പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് ഇയാൾ റിസോർട്ടിന് തീവെച്ചത്. റിസോർട്ടിന് സമീപത്തെ വീട്ടിലെ കിണറ്റിലാണ് പ്രേമന്റെ മൃതദേഹം കണ്ടെത്തിയത്. റിസോര്‍ട്ടിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയവർ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നതായാണ് വിവരം.
തീപിടിത്തത്തിൽ റിസോര്‍ട്ടിലെ ആര്‍ക്കും പരിക്കില്ല. റിസോര്‍ട്ടിലെ രണ്ട് വളര്‍ത്തുമൃഗങ്ങള്‍ തീപിടിത്തത്തിൽ ചത്തു. ഫയര്‍ഫോഴ്സെത്തി റിസോര്‍ട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.