കൊച്ചി: എറണാകുളം ജില്ലാ കലക്ടറായിരുന്ന രേണു രാജിനെ കഴിഞ്ഞ ദിവസമാണ് സർക്കാർ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ബ്രഹ്മപുരം പ്ലാന്റിൽ തീപിടിത്തം ഉണ്ടായതിന് പിറകെ ഏറെ വിവാദങ്ങൾ ഉണ്ടാകുകയും കലക്ടർക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത സാഹചര്യത്തിലായിരുന്നു കലക്ടറെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ഇന്നലെ വനിതാ ദിനത്തിൽ കലക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വരികളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. 'നീ വെറും പെണ്ണാണ്' എന്ന് പറയുന്നിടത്താണ് പ്രതിഷേധം'. ലോക വനിതാ ദിനത്തിൽ ഏവർക്കും ആശംസകൾ' എന്ന വരികളാണ് രേണു രാജ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. സ്ഥലം മാറ്റ ഉത്തരവ് വന്നതിന് പിന്നാലെയുള്ള പോസ്റ്റ് ആയതിനാൽ ഇത് പ്രതിഷേധ സൂചകമായി ഇട്ടതാണോ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ചർച്ച. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ രേണു രാജിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.



 


ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കോർപ്പറേഷനൊപ്പം ജില്ലാ ഭരണകൂടവും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയാണ് രേണു രാജിനെ സ്ഥലം മാറ്റിയത്. എന്‍.എസ്.കെ. ഉമേഷാണ് എറണാകുളം ജില്ലയുടെ പുതിയ കലക്ടര്‍. ബ്രഹ്മപുരത്തെ തീ കൊച്ചിക്കാരെ ശ്വാസം മുട്ടിച്ചിരിക്കുകയാണ്. അതേസമയം ബ്രഹ്മപുരത്തെ പ്രശ്നം പരിഹരിക്കാൻ രേണു രാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റും തീവ്രയജ്ഞം നടത്തുന്നതിനിടെ അവരെ സ്ഥലം മാറ്റിയതില്‍ കലക്ടറേറ്റ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ദിവസങ്ങള്‍ കഴി‍ഞ്ഞിട്ടും തീയും പുകയും നിയന്ത്രിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന ആക്ഷേപവും ശക്തമാണ്.


Also Read: Fire At Brahmapuram Plant: എട്ടാം ദിനവും വിഷപ്പുക ശ്വസിച്ച് കൊച്ചിക്കാർ; പുതിയ കളക്‌ടർ ഇന്ന് ചുമതലയേറ്റു


വിഷയത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ജില്ലാ കലക്ടര്‍ക്കെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കലക്ടര്‍ക്ക് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടുദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്നു പറഞ്ഞിരുന്നോ എന്ന് ആരാഞ്ഞത് ജില്ലാ ഭരണകൂടത്തെ വെട്ടിലാക്കുകയും ചെയ്തിരുന്നു. കലക്ടർക്ക് എല്ലാക്കാര്യങ്ങളിലും പൂർണമായ അറിവ് ഉണ്ടാകണമെന്ന് പറയുന്നില്ല. എന്നാൽ ഇത്തരം വിഷയങ്ങളിൽ വിദഗ്ധോപദേശം തേടി തീരുമാനങ്ങൾ എടുക്കുന്നതാണ് ഉചിതമെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു. ചൂട് കൂടുന്നതിനാൽ തീപിടിത്തത്തിന് മൂന്നു ദിവസം മുൻപ് തന്നെ ജാഗ്രതവേണമെന്ന നിർദേശം കോർപ്പറേഷന് നൽകിയിരുന്നുവെന്നാണ് കലക്ടർ കോടതിയെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായ് 27-നായിരുന്നു മുന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കില്‍നിന്ന് രേണു രാജ് ചുമതല ഏറ്റെടുത്തത്.


അതേസമയം എട്ടാം ദിവസവും കൊച്ചിയിലും പരിസര പ്രദേശത്തും അതിരൂക്ഷ പുകയാണ്. മാലിന്യമല ഇളക്കാനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം ഹെലികോപ്റ്ററിലൂടെയും ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പുതുതായി ചുമതലയേറ്റ എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. ബ്രഹ്‌മപുരത്ത് മുന്‍കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


നിലവിലെ സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതലയോഗത്തിന്റെ തീരുമാനം. ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.