തെരുവ് നായ്ക്കളെ നേരിടാൻ തോക്കുമായി വിദ്യാർഥികൾക്ക് അകമ്പടി; രക്ഷിതാവിനെതിരെ പോലീസ് കേസെടുത്തു
Stray dogs: ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെയാണ് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ബേക്കൽ പോലീസ് സ്വമേധയ കേസെടുത്തത്
കാസർഗോഡ്: തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ പോലീസ് കേസെടുത്തു. ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെയാണ് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ബേക്കൽ പോലീസ് സ്വമേധയ കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സുരക്ഷയൊരുക്കി റോഡിലൂടെ പോയത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്നതിനായാണ് സമീർ തോക്കുമായി റോഡിലിറങ്ങിയത്. നാഷണൽ യൂത്ത് ലീഗിന്റെ ഉദുമാ മംഗലം പ്രസിഡന്റാണ് സമീർ. തെരുവ് നായ്ക്കളെ പേടിച്ച് മദ്രസയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടികളെ താൻ ഒപ്പം വരാമെന്ന് പറഞ്ഞ് സമീർ തോക്കുമായി മുന്നിൽ നടക്കുകയായിരുന്നു. മകളെയും സഹപാഠികളെയുമാണ് സമീർ മദ്രസയിലേക്ക് കൊണ്ടുപോയത്.
ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു, സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബേക്കൽ പോലീസ് സമീറിനെതിരെ കേസെടുത്തത്. തനിക്കെതിരെ പോലീസ് കേസെടുത്തത് ശരിയായില്ലെന്നും ഷോ കേസിൽ വയ്ക്കുന്ന തോക്ക് കൊണ്ട് എന്ത് ലഹളയാണ് താൻ ഉണ്ടാക്കാൻ ശ്രമിച്ചതെന്നും സമീർ ചോദിക്കുന്നു. പോലീസിന്റെ നടപടിക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സമീർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...