`ചെലോൽക്ക് തിരിം, ചെലോൽക്ക് തിരീല`! എഫ്ബിയിൽ കെടി ജലീൽ- അബ്ദുറബ്ബ് പോര്... സംഗതി എന്താണ്?
KT Jaleel vs PK Abdu Rabb പോര് തുടങ്ങിയത് കേരള സഭയുടെ പേരിലാണെങ്കിലും അവസാനമെത്തിയിരിക്കുന്നത് മുസ്ലിം ലീഗിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നതിലേക്കായിരുന്നു.
മലപ്പുറം : ലോക കേരളസഭയിൽ നിന്ന് യുഡിഎഫും മുസ്ലീം ലീഗും വിട്ട് നിന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടി മുൻ മന്ത്രിമാരായ കെ ടി ജലീലും പി.കെ അബ്ദുറബ്ബും. ഇരുവരും പോര് തുടങ്ങിയത് കേരള സഭയുടെ പേരിലാണെങ്കിലും അവസാനമെത്തിയിരിക്കുന്നത് മുസ്ലിം ലീഗിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നതിലേക്കായിരുന്നു. യുഡിഎഫിനെ വിമർശിച്ച യുസഫലിയ്ക്കെതിരെ കെ.എം ഷാജി ഉൾപ്പെടെയുള്ള ചില മുസ്ലീം ലീഗ് നേതാക്കൾ ശബ്ദം കടുപ്പിച്ചപ്പോൾ അത് തണുപ്പിക്കാൻ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദ്ദിഖ് അലി തങ്ങൾ തന്നെ നേരിട്ടെത്തി.
യുസഫലി ആദരണീയനായ വ്യക്തിയാണെന്നും ലോക കേരളസഭയിൽ വിട്ടുനിന്നുത് യുഡിഎഫിന്റെ രാഷ്ട്രീയ കാരണങ്ങളാലാണെന്നു ലീഗ് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കുകയും ചെയ്തു. ഈ വാർത്ത ഫേസ്ബുക്കിൽ കെ.ടി ജലീൽ പങ്കുവച്ചുതോടെയാണ് മുൻ മന്ത്രിമാർക്കിടിയിലുള്ള പോരിന് തുടക്കമിടുന്നത്.
"ആർക്കെങ്കിലും വിൽക്കാനും വിലക്കെടുക്കാനും മുസ്ലിംലീഗ് വാണിയങ്കുളം ചന്തയിലെ നാൽക്കാലിയല്ലെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ പച്ച മലയാളത്തിലുള്ള അർത്ഥം. അത് ചെലര്ക്ക് തിരിം. ചെലര്ക്ക് തിരീല" എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് ജലീൽ വാർത്ത പങ്കുവച്ചത്.
ഇതിന് മറപുടി നൽകാനായി എത്തിയതോ മുൻ വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. കയറികിടക്കാൻ സ്വന്തമായി കൂടുപോലുമില്ലാത്ത തെരുവിൽ കടിപിടികൂടുന്ന വളർത്തു മൃഗങ്ങളെ ഓർത്ത് സഹതപിക്കുന്നുയെന്ന് റബ്ബ് ജലീലന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് മറുപടി നൽകി.
"കയറിക്കിടക്കാൻ കൂടു പോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദ പശക്കു വേണ്ടി പോലും കടിപിടികൂടുന്ന ചില വളർത്തുമൃഗങ്ങളുമുണ്ട്...! അവയെയോർത്ത് സഹതാപം മാത്രം. ചെലോൽക്ക് തിരിം, ചെലോൽക്ക് തിരീല." അബ്ദുറബ്ബ ജലീലന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
എന്നാൽ റബ്ബിനെ വ്യക്തിപരമായി ലക്ഷ്യവച്ചുള്ള മറുപടിയുമായി ജലീൽ വീണ്ടുമെത്തുകയും ചെയ്തു. അബ്ദുറബ്ബ് മന്ത്രിയായിരുന്ന സമയത്ത് ഔദ്യോഗിക വസതിയുടെ പേര് ഗംഗ എന്നായതിനാൽ ഇസ്ലാമീന്ന് പുറത്താകുമെന്ന് ഭയന്ന് വീടിന്റെ പേര് മാറ്റിയതല്ലേ എന്ന് ജലീൽ മറുപടി കുറിപ്പിൽ അരോപിക്കുകയും ചെയ്തു.
"ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ 'ഗംഗ' എന്ന് പേരിട്ട ഔദ്യോഗിക വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിൻ്റെ പേര് മാറ്റിയത്. തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?" റബ്ബിന് മറുപടിയായി ജലീൽ കുറിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.