കൊച്ചി: തട്ടുകട നടത്താനും ഇനി മുതല്‍ പരീക്ഷ പാസാകണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തിനും ഏതിനും പരീക്ഷ പാസാകണം എന്ന ഈ കാലഘട്ടത്തില്‍ തട്ടുകട നടത്താനും പരീക്ഷ പാസാകണം എന്നത് വളരെയേറെ കൗതുകമുണര്‍ത്തുന്നു.


തട്ടുകട നടത്തണമെങ്കില്‍ പരീക്ഷ എഴുതിയാല്‍ മാത്രം പോര കേട്ടോ പരീക്ഷ പാസായി സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കും. 


ഇത് തട്ടുകടയ്ക്ക് മാത്രമല്ല ബേക്കറി, റസ്റ്ററന്റ്, കേറ്ററിംഗ് സ്ഥാപനങ്ങള്‍, ശീതളപാനീയവും കുപ്പിവെള്ളവും ഉള്‍പ്പെടെ നിര്‍മിക്കുന്ന ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഉടമകളോ ജീവനക്കാരില്‍ ഒരാളോ പരീക്ഷ പാസായിരിക്കണം.


കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (FSSAI) പരീക്ഷ നടത്തുന്നത്. എല്ലാ ജില്ലകളിലും പരീക്ഷ തുടങ്ങി കഴിഞ്ഞു. പുതിയ അപേക്ഷകര്‍ക്ക് ഇതനുസരിച്ചാണ് ലൈസന്‍സ് നല്‍കുന്നത്.


പരീക്ഷയിലെ ചോദ്യങ്ങള്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടതാകുമെന്നതില്‍ സംശയം വേണ്ട. ബേസിക്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ 2 തരം പരീക്ഷയാണുള്ളത്. തട്ടുകടക്കാര്‍ക്കും ചെറുകിട ശീതളപാനീയ കച്ചവടക്കാര്‍ക്കും ബേസിക് പരീക്ഷയാണ് നടത്തുക. 


ഭക്ഷണം വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്. പരീക്ഷയ്ക്കു മുന്നോടിയായി FSSAI സംസ്ഥാന ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുമായി ചേർന്ന് ഒരു ദിവസത്തെ ഫുഡ്‌ സേഫ്റ്റി ട്രെയിനിംഗ് ആന്‍ഡ്‌ സര്‍ട്ടിഫിക്കേഷന്‍ പരിശീലനം നല്‍കും.


പരീക്ഷ എഴുതാന്‍ അറിയാത്തവര്‍ക്ക് ഉത്തരം പറഞ്ഞു കേള്‍പ്പിക്കാം. സ്ഥാപനത്തില്‍ 25 ജീവനക്കാരുണ്ടെങ്കില്‍ രണ്ട് പേരും 25 ജീവനക്കാരില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ 3 പേരും പരീക്ഷ പാസാകണം. 


റസ്റ്റോറന്റുകളിലെ പാചകക്കാരാണ് പരീക്ഷ എഴുതേണ്ടത്. വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന പാചകക്കാര്‍ക്ക് പുറമേ സൂപ്പര്‍വൈസറും പങ്കെടുക്കണം. ഇവര്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കണം.