Excise Department: ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിൽ കര്‍ശന നടപടികളുമായി എക്‌സൈസ് വകുപ്പ്
മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ (Excise officers) അബ്കാരി ലൈസന്‍സികളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടികളുമായി എക്‌സൈസ് വകുപ്പ്. നിയമലംഘനങ്ങളിനേര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവ് (Order) പുറപ്പെടുവിച്ചു. മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിച്ചത്.
വകുപ്പിലെ ഉദ്യോഗസ്ഥര്‍ ലൈസന്‍സികളുമായി ഒരു വിധത്തിലുള്ള പണമിടപാടുകളും പാടില്ലെന്ന് അബ്കാരി ആക്ടിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കും സംഘടനകള്‍ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്കും ലൈസന്‍സികളില്‍ നിന്ന് ഒരു സാമ്പത്തിക സഹായവും ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
എക്‌സൈസ് ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ പുറത്തിറക്കുന്ന ഡയറി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലൈസന്‍സികളില്‍ നിന്നും പരസ്യം സ്വീകരിക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ഉദ്ധരിച്ചുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരെന്ന നിലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരു വിധത്തിലുള്ള അഴിമതിക്കും കൂട്ടുനില്‍ക്കരുതെന്ന് ഉത്തരവിലൂടെ ഓര്‍മിപ്പിക്കുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന അച്ചടക്ക നടപടികള്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കുന്ന ഉത്തരവിലൂടെ എക്‌സൈസ് വകുപ്പിനെ അഴിമതി മുക്തമാക്കാനുള്ള ശക്തമായ ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
ബാര്‍ അസോസിയേഷനുകളുടെയും മറ്റും ഭാഗത്ത് നിന്ന് ഉദ്യോഗസ്ഥരും അവരുടെ സംഘടനകളും സംഭാവനകള്‍ കൈപ്പറ്റുമ്പോള്‍ ബാര്‍ ഉടമകളുടെ വീഴ്ചകളില്‍ കണ്ണടച്ചുകൊടുക്കാനുള്ള സാധ്യത ഉണ്ടെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്. ലൈസന്‍സികളോട് മൃദു സമീപനവും വിധേയത്വ, പ്രത്യുപകാര മനോഭാവങ്ങളും എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന കര്‍ശനമായ നിര്‍ദേശം പാലിക്കപ്പെടുമ്പോള്‍ എക്‌സൈസ് വകുപ്പ് കൂടുതല്‍ സംശുദ്ധമാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...