സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ലൈംഗിക പീഡനപരാതി; അംഗത്വം റദ്ദാക്കിയെന്ന് ഫെഫ്ക
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോ പാർക്ക് പോലീസ് ഫെബ്രുവരി ആറിന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു
തിരുവനന്തപുരം: സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ലൈംഗിക പീഡനപരാതിയിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. ലിജു കൃഷ്ണ സംഘടനയില്‍ താല്‍ക്കാലികമായി എടുത്ത അംഗത്വം റദ്ദാക്കിയെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോ പാർക്ക് പോലീസ് കണ്ണൂരിൽ നിന്ന് ഫെബ്രുവരി ആറിന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് യുവതി പ്രതിയെ സഹായിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെയാണ് പീഡനത്തിനിരയായ യുവതി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. 2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും ബലം പ്രയോഗിച്ച് മാനസികവും ശാരീരികവും ലൈംഗികവുമായി ചൂഷണം ചെയ്തുവെന്നും യുവതി പറയുന്നു. 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തുവെന്നും യുവതി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
നിവിന്‍ പോളി, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന 'പടവെട്ട്' സിനിമയുടെ സംവിധായകനാണ് ലിജു. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപാണ് ലിജു കൃഷ്ണക്കെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. കണ്ണൂരിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് നിവിൻ പോളി ആരാധകർ കാത്തിരുന്നത്. സംവിധായകനെ അറസ്റ്റ് ചെയ്തതോടെ ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങിയിരിക്കുകയാണ്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നടൻ സണ്ണി വെയ്നാണ് ചിത്രം നിർമിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു.
നിവിൻ പോളിക്ക് പുറമെ മഞ്ജു വാര്യർ, അതിഥി ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ നിവിൻ പോളി 2021 ഒക്ടോബറിൽ പങ്കുവെച്ചിരുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...