തിരുവനന്തപുരം: ഇത്തവണത്തെ ശബരിമല മണ്ഡലകാലം സര്‍ക്കാരിന് വന്‍ പരീക്ഷണകാലമാണെന്ന് വ്യക്തം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതോടെ യുവതികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴും ശബരിമലയിലുള്ളത്. ഇത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് സൂചന. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. 


ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന ഈ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലത്തു ശബരിമലയിലെത്തുന്ന യുവതികള്‍ക്കു സുരക്ഷ ഒരുക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. 


ചുരുങ്ങിയ ദിവസത്തേയ്ക്ക് മാത്രമായി നട തുറന്ന തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷത്തിനും നടന്ന പ്രതിഷേധ സമരങ്ങളെ നേരിട്ട പൊലീസിനു മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലം വലിയ വെല്ലുവിളി നിറഞ്ഞതാകും.


മണ്ഡല മകരവിളക്ക് ഉല്‍സവത്തോടനുബന്ധിച്ച് 64 ദിവസമാണു നട തുറക്കുന്നത്. ഈ മാസം 16ന് തുറക്കുന്ന നട ഡിസംബര്‍ 27നാണ് അടയ്ക്കുക. 27നാണ് മണ്ഡലപൂജ. പിന്നീട് ഡിസംബര്‍ 30ന് വീണ്ടും തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ജനുവരി 11നാണ് പേട്ട തുള്ളല്‍. 14ന് മകരവിളക്ക്. 


20ന് നട അടച്ച് 2 ദിവസം കഴിഞ്ഞേ സുപ്രീം കോടതി കേസ് പരിഗണിക്കൂ. അതുവരെ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്തമാണ് പൊലീസിന്.


വിശദമായ സുരക്ഷാ പദ്ധതിയാണ് സര്‍ക്കാര്‍ ശബരിമലയ്ക്കായി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 2800 പൊലീസിനെയാണു വിന്യസിച്ചത്. ഇത്തവണ പതിനായിരത്തിന് മുകളില്‍ പൊലീസുകാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും. 5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിക്കുന്നത്. ഈ മാസം 14 മുതല്‍ 30 വരെയാണ് ആദ്യഘട്ടം. 30 മുതല്‍ ഡിസംബര്‍ 14 വരെ രണ്ടാംഘട്ടം. 14 മുതല്‍ 29 വരെ മൂന്നാംഘട്ടം. 29 മുതല്‍ ജനുവരി 16 വരെ നാലാംഘട്ടം. 16 മുതല്‍ 20 വരെ അഞ്ചാംഘട്ടം.


സൗത്ത് സോണ്‍ എഡിജിപി അനില്‍കാന്താണ് ചീഫ് പൊലീസ് കോഓര്‍ഡിനേറ്റര്‍. എഡിജിപി അനന്തകൃഷ്ണന്‍ കോ- ചീഫ് കോഓര്‍ഡിനേറ്റര്‍. സേനാ വിന്യാസത്തിന്‍റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ്. വനിതാ ബറ്റാലിയന്ന്‍റെ നേതൃത്വത്തില്‍ ഒരു കമ്പനി വനിതാ പൊലീസിനെയും 30 വനിതാ കമാന്‍ഡോകളെയും മണിയാറിലെ കെഎപി അഞ്ചാം ബറ്റാലിയനില്‍ വിന്യസിക്കും.


പമ്പയിലും സന്നിധാനത്തും കൂടുതല്‍ സിസിടിവി ക്യാമറകള്‍ ബോര്‍ഡിന്‍റെ സഹായത്തോടെ സ്ഥാപിക്കുന്നതു പുരോഗമിക്കുകയാണ്. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കു കയ്യില്‍ ധരിക്കാന്‍ പ്രത്യേക ബാന്‍ഡുകള്‍ നല്‍കും. ഇതിനുവേണ്ടി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. ജനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ സന്നിധാനത്തും പമ്പയിലും വാച്ച് ടവറുകള്‍ ഉണ്ടാകും. സുരക്ഷയ്ക്കായി കമാന്‍ഡോകളെയും ക്വിക്ക് റിയാക്ഷന്‍ ടീമിനെയും സന്നിധാനത്തു വിന്യസിക്കും.


പുന:പരിശോധാന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതോടെ ആഹ്ലാദം പ്രകടിപ്പിച്ച സംഘപരിവാര്‍ പ്രതിരോധം കൂടുതല്‍ ശക്തമാക്കാനാണ് സാധ്യത. ചുരുങ്ങിയ ദിവസത്തേയ്ക്ക് മാത്രമായി നട തുറന്നപ്പോള്‍  ഉണ്ടായ സാഹചര്യം ആവര്‍ത്തിക്കാനാണ് സാധ്യത. മണ്ഡല മകരവിളക്ക് കാലത്ത്  ദിവസം പ്രതി ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ശബരിമലയില്‍ എത്താറുണ്ട്. ഇത് സാഹചര്യത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 


അറുന്നോളം സ്ത്രീകള്‍ ഇതിനകം തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡല കരവിളക്ക് കാലം സര്‍ക്കാരിന് വന്‍ പരീക്ഷണ കാലഘട്ടമാകുമെന്ന സൂചനയാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.