Film industry: സിനിമാ മേഖലയിലെ പ്രതിസന്ധി; നവംബർ രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നവംബർ രണ്ടിന് യോഗം ചേരുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മേഖലയിലെ (Film Industry) പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരാൻ തീരുമാനം. മുഖ്യമന്ത്രി (Chief Minister) പിണറായി വിജയന്റെ നേതൃത്വത്തിൽ നവംബർ രണ്ടിന് യോഗം ചേരുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മുഖ്യമന്ത്രിക്ക് ഒപ്പം നാല് വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. ഒപ്പം തന്നെ ഒടിടി പ്ലാറ്റ്ഫോമും കൊണ്ടുപോകും. പാവപ്പെട്ട കലാകാരൻമാരെ സഹായിക്കാനാണ് ഇതെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട തിയറ്ററുകൾ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. തിയറ്റർ എ സി ഹാൾ അടച്ചിട്ട മുറിയായതിനാൽ 50 ശതമാനം പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. വാക്സിൻ എടുത്തവർക്കാണ് നിലവിൽ തിയറ്ററിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
അതേസമയം, ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനം നൽകുന്നത് പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിലും യോഗത്തിൽ തീരുമാനം ഉണ്ടായേക്കുമെന്ന് മന്ത്രി പറഞ്ഞു. മരക്കാർ ഉൾപ്പടെ ഒടിടി റിലീസ് ഒഴിവാക്കി കൂടുതൽ മലയാള ചിത്രങ്ങൾ തിയറ്ററിലെത്തുമെന്നാണ് തിയറ്റർ ഉടമകളുടെ പ്രതീക്ഷ.
എന്നാൽ മരക്കാർ സിനിമയുടെ തിയറ്റർ റിലീസിന് നിർമാതാക്കൾ ഉപാധികൾ മുന്നോട്ട് വച്ചു. റിലീസ് ചെയ്യുമ്പോൾ ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകൾക്ക് നൽകണമെന്നാണ് നിർമ്മാതാക്കൾ ഫിലിം ചേമ്പറിന് മുന്നിൽ വച്ച ഉപാധി. ഇത് ചർച്ച ചെയ്യാൻ നാളെ തിയേറ്റർ ഉടമകളുടെ അടിയന്തര യോഗം ചേരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...