തിരുവനന്തപുരം/മലപ്പുറം: മലപ്പുറത്ത് സ്ഥിരീകരിച്ച എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണ് മലപ്പുറത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നും റിപ്പോർട്ടുണ്ട്. യുഎഇയിൽ നിന്നും മലപ്പുറത്ത് എത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ 5 ലാബുകളില്‍ പരിശോധനാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.


Also Read: Ranni Blast: റാന്നി സ്ഫോടനം; ​ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു


 


അതേസമയം സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. എലിപ്പനി പ്രതിരോധത്തില്‍ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. ഇടവിട്ട മഴ തുടരുന്നതിനാല്‍ പലതരം പകര്‍ച്ച പനികള്‍ തുടരുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ കാണുന്നുണ്ട്. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടി ഏത് പനിയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കണം.


വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ എന്നിവയെ പ്രതിരോധിക്കാന്‍ തിളിപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ള സ്‌ത്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. പ്രാദേശികമായി ഒരു പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്താല്‍ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ കമ്മിറ്റികള്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണം. വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള ഈ കമ്മിറ്റികളിലെ ചര്‍ച്ചകളിലൂടെ ഫലപ്രദമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും.


ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഐഎസ്എം ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.