Oommen Chandy: ഉമ്മൻചാണ്ടിയില്ലാത്ത ആദ്യത്തെ സഭാ സമ്മേളനം; നാളെ തുടക്കം
First Legislative Conference without Oommen Chandy: മിത്ത് വിവാദം കത്തി പടരുന്ന സാഹചര്യത്തില്‍ സ്പീക്കർ സഭയിൽ സംസാരിക്കുമ്പോൾ പ്രതിപക്ഷം എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളതും പ്രധാനമാണ്.
അന്തരിച്ച പുതുപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയില്ലാത്ത ആദ്യത്തെ സഭാ സമ്മേളനത്തിന് നാളെ ആരംഭിക്കും. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി ചരമ റഫറൻസ് സഭയിൽ വായിക്കും. അതേസമയം, മിത്ത് വിവാദം കത്തി കയറുന്നതിനിടെ യുഡിഎഫ് നിലപാട് തീരുമാനിക്കാൻ പാർലമെന്ററി പാർട്ടി യോഗം സഭ നടപടികൾ തുടങ്ങുന്നതിനു മുൻപ് ചേരും. കോൺഗ്രസിന്റെ നിലപാട് ബിജെപി ആയുധമാക്കുമ്പോൾ സഭാവേദി വരും ദിവസങ്ങളിൽ പ്രക്ഷുബ്ധമാകും. ഒമ്പതാം നിയമസഭാ സമ്മേളനത്തിൽ നിയമനിർമാണത്തിനാണ് ഊന്നൽ.
53 വർഷം നീണ്ട നിയമസഭാ ജീവിതത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രി, എംഎൽഎ തുടങ്ങി പ്രധാന പദവികൾ വഹിച്ച ഉമ്മൻചാണ്ടിയില്ലാത്ത ആദ്യത്തെ സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. സഭയിൽ നിത്യസാന്നിധ്യമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സഭയിൽ ചരമ റഫറൻസ് വായിക്കും. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് നിയമസഭ കക്ഷിനേതാക്കൾ തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കും. ആദ്യദിനം മറ്റു പരിപാടികൾ ഒന്നും അജണ്ടയിലില്ല.
രണ്ടാം ദിനം മുതൽ സഭാതലം വാദപ്രതിവാദങ്ങളുമായി രാഷ്ട്രീയ ഏറ്റുമുട്ടലുകളിലൂടെ ശ്രദ്ധേയമാകും. മിത്ത് വിവാദം കത്തി പടരുന്നതിനിടെ സ്പീക്കർ സഭയിൽ സംസാരിക്കുമ്പോൾ പ്രതിപക്ഷം എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളതും പ്രധാനമാണ്. പ്രതിഷേധം ഏതുവിധത്തിൽ മുന്നോട്ടു കൊണ്ടുപോകണമെന്ന് യുഡിഎഫിന്റെ പാർലമെന്ററി പാർട്ടിയോഗം തീരുമാനിക്കും. കോൺഗ്രസ് നിലപാട് മയപ്പെടുത്തിയാൽ വിവാദം ബിജെപി ആയുധമാക്കുമെന്നുള്ള ആശങ്കയും നേതൃത്വം മുന്നിൽ കാണുന്നുണ്ട്. അതിനാൽ ഘടകകക്ഷികളുമായി ആലോചിച്ച് നിയമസഭാ കക്ഷിയോഗം ചേർന്നായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ALSO READ: പ്ലസ്ടു പാസായവർക്ക് ഇനി ലേണേഴ്സില്ല; സംസ്ഥാനത്ത് ലൈസൻസ് എടുക്കാൻ പുതിയ നിയമം
വിഷയം തണുപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സ്പീക്കർ എ എൻ ഷംസീറും ശ്രമിക്കുമ്പോൾ ഒട്ടും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് എൻഎസ്എസ്. എം വി ഗോവിന്ദൻ മലക്കം മറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ആരും തിരുത്തൽ വരുത്തിയിട്ടില്ലെന്ന വാദവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തു വന്നത് എൻഎസ്എസിനെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷം ആരോപണ പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടുമ്പോൾ വേണ്ടവിധം പ്രതിരോധിക്കാൻ ഭരണപക്ഷവും കരുക്കൾ മെനയുന്നുണ്ട്. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗവും നാളെയുണ്ട്. 12 ദിവസം ചേരുന്ന സഭാ സമ്മേളനം ഓഗസ്റ്റ് 24ന് അവസാനിക്കും. ഇതിൽ 8 ദിവസങ്ങൾ നിയമനിർമാണത്തിന് വേണ്ടി മാറ്റിവയ്ക്കും.
14 ബില്ലുകൾ പരിഗണനക്ക് വരും. ഏതൊക്കെ ബില്ലുകൾ സഭയിൽ അവതരിപ്പിക്കണമെന്നുള്ളതിൽ കാര്യാപേദേശക സമിതി യോഗം ചേർന്ന് തീരുമാനമെടുക്കും. ഡോക്ടർമാർക്കും ആശുപത്രികൾക്കും ആരോഗ്യ സംവിധാനങ്ങൾക്കും എതിരായ അതിക്രമം തടയുന്ന ബില്ലാണ് ഇതിൽ പ്രധാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...