കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചിയിലെ വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നു. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്ടർ മെട്രോ നാടിന് സമർപ്പിക്കും. തിരുവനന്തപുരത്ത് ഓൺലൈനായാണ് പ്രധാനമന്ത്രി വാട്ടർ മെട്രോ കമ്മീഷൻ ചെയ്യുക. ഏപ്രിൽ 26 മുതൽ ജനങ്ങൾക്ക് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയ്ക്കാണ് കൊച്ചിയിൽ തുടക്കമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈക്കോടതി - വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ആദ്യ സർവീസ് നടത്തുക. രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ സർവീസ് ഉണ്ടാകും. തുടർന്ന് വൈറ്റില - കാക്കനാട് റൂട്ടിൽ 27ന് സർവീസ് ആരംഭിക്കും. വാട്ടർ മെട്രോയുടെ ഏറ്റവും കുറഞ്ഞ നിരക്ക് 20 രൂപയാണ്. 40 രൂപയാണ് കൂടിയ നിരക്ക്. ഓരോ 15 മിനിട്ട് ഇടവിട്ടും സർവീസ് ഉണ്ടാകും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 


ALSO READ: 40 കോടി രൂപ ചിലവിൽ നാല് നിലകളിലായി അക്കാദമിക് ബ്ലോക്ക്; കോന്നി മെഡിക്കല്‍ കോളേജിൽ വിപുലമായ സംവിധാനങ്ങൾ


വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ ഒരേ സമയം 100 പേർക്ക് യാത്ര ചെയ്യാം. ആദ്യഘട്ടം പൂർത്തിയാകുമ്പോള്‍ 38 ടെർമിനലുകളുമായി 76 കിലോ മീറ്റർ ദൂരത്തിൽ കൊച്ചിയെ വാട്ടർ മെട്രോ ബന്ധിപ്പിക്കും. സ്വന്തം ഡിസൈനിൽ അത്യാധുനിക സംവിധാനങ്ങളോടെ ഒൻപത് ബോട്ടുകളാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ജർമൻ വികസന ബാങ്കിൽ നിന്ന് വായ്പയെടുത്തുള്ള പദ്ധതിയ്ക്ക് 747 കോടി രൂപയാണ് ചിലവ്. സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. വാട്ടർ മെട്രോ പ്രവർത്തന സജ്ജമായിട്ട് ഒരു വ‍ർഷത്തോളമായി.


കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.  ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും. സർവീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡും കൊച്ചി വാട്ടർ മെട്രോ നേടിയിരുന്നു. 


ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫ്ളോട്ടിംഗ് പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്. തുച്ഛമായ തുകയിൽ സുരക്ഷിതമായ യാത്രയാണ് ശീതികരിച്ച ബോട്ടുകളിൽ ജനങ്ങളെ കാത്തിരിക്കുന്നത്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം. വാട്ടർ മെട്രോയെന്ന സ്വപ്നം ഇതോടെ യാഥാർഥ്യമാവുകയാണ്. ഇനി അത് വിജയപൂർവ്വം പ്രവർത്തിക്കുന്നതിനായി ഏവരുടെയും സഹകരണവും പിന്തുണയും ഉറപ്പു വരുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.