Konni Medical College: 40 കോടി രൂപ ചിലവിൽ നാല് നിലകളിലായി അക്കാദമിക് ബ്ലോക്ക്; കോന്നി മെഡിക്കല്‍ കോളേജിൽ വിപുലമായ സംവിധാനങ്ങൾ

Konni Medical College Academic Block: കോന്നി മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 02:48 PM IST
  • 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ഈ സർക്കാരിന്റെ കാലത്ത് നടത്തിയതെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു
  • 50 വിദ്യാര്‍ത്ഥികളെ മാത്രം പ്രവേശിപ്പിക്കാനുള്ള അക്കാദമിക് ബ്ലോക്കാണ് തുടക്കസമയത്ത് വിഭാവനം ചെയ്തിരുന്നത്
  • എന്നാല്‍ ഈ സര്‍ക്കാര്‍ 100 എംബിബിഎസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു
Konni Medical College: 40 കോടി രൂപ ചിലവിൽ നാല് നിലകളിലായി അക്കാദമിക് ബ്ലോക്ക്; കോന്നി മെഡിക്കല്‍ കോളേജിൽ വിപുലമായ സംവിധാനങ്ങൾ

തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളേജിൽ നിർമാണം പൂർത്തിയാക്കി അക്കാദമിക് ബ്ലോക്ക്. 40 കോടി രൂപ ചെലവഴിച്ച് നാല് നിലകളിലായാണ് അക്കാദമിക് ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക്കില്‍ ഗ്രൗണ്ട് ഫ്ലോറിൽ അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, 150 സീറ്റുകളുള്ള ഗാലറി ടൈപ്പ് ലക്ചര്‍ തിയറ്റര്‍ എന്നിവ സജ്ജീകരിച്ചു.

ഒന്നാം നിലയില്‍ ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, രണ്ടാം നിലയില്‍ ഫിസിയോളജി ലാബ്, പ്രിന്‍സിപ്പാളിന്റെ കാര്യാലയം, പരീക്ഷ ഹാള്‍, ലക്ചര്‍ ഹാള്‍, മൂന്നാം നിലയില്‍ പത്തോളജി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫര്‍ണീച്ചറുകള്‍, ലൈബ്രറിക്ക് ആവശ്യമായ ബുക്കുകള്‍, സ്‌പെസിമിനുകള്‍, വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ആവശ്യമായ ചാര്‍ട്ടുകള്‍, അനാട്ടമി വിഭാഗത്തിന് മൃതദേഹം സൂക്ഷിക്കുവാനുളള ടാങ്ക്, പഠനത്തിന് ആവശ്യമായ ബോണ്‍ സെറ്റ്, സ്‌കെല്‍ട്ടനുകള്‍, ലാബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ റീയേജന്റുകള്‍ മുതലായവ പൂര്‍ണമായും സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: Minister Veena George: നവജാത ശിശുവിനെ 3 ലക്ഷത്തിന് വിറ്റു; റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്, കുഞ്ഞിനെ ഏറ്റെടുത്ത് സിഡബ്ല്യുസി

അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 24ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമിക് ബ്ലോക്ക് പൂർത്തിയാക്കിയത്. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍ എന്നിവര്‍ പങ്കെടുക്കും.

250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളേജില്‍ ഈ സർക്കാരിന്റെ കാലത്ത് നടത്തിയതെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 50 വിദ്യാര്‍ത്ഥികളെ മാത്രം പ്രവേശിപ്പിക്കാനുള്ള അക്കാദമിക് ബ്ലോക്കാണ് തുടക്കസമയത്ത് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ 100 എംബിബിഎസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കിയത്. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ രണ്ടാം വര്‍ഷ കോഴ്‌സിനും അനുമതി ലഭിച്ചു. 100 വിദ്യാര്‍ത്ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അക്കാദമിക് ബ്ലോക്ക് സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ ആദ്യത്തെ 128 സ്ലൈസ് സി.ടി സ്‌കാന്‍ അഞ്ച് കോടി രൂപ ചിലിവില്‍ സജ്ജമാക്കി. പീഡിയാട്രിക്ക് ഐ.സി.യു, സര്‍ജിക്കല്‍ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു എന്നിവ മെഡിക്കല്‍ കോളജില്‍ സജ്ജമാക്കി വരുന്നു. അഞ്ചു മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ് സജ്ജമാക്കുന്നത്. ഗൈനക്കോളജി ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവമുറി, വാര്‍ഡ് എന്നിവ ലക്ഷ്യ പദ്ധതിയനുസരിച്ച് സജ്ജമാക്കി വരുന്നു. ഹോസ്റ്റലുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. 200 കിടക്കകളുള്ള രണ്ടാം ബ്ലോക്ക്, ക്വാര്‍ട്ടേഴ്സുകള്‍, ലോണ്‍ട്രി, ഓഡിറ്റോറിയം, മോര്‍ച്ചറി, മോഡുലാര്‍ രക്തബാങ്ക് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കല്‍ കോളേജ് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News