K.R. Shailaja: ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആര്‍. ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു
K.R. Shailaja retired from service: കോട്ടയത്ത് ഒഡീഷ സ്വദേശികള്‍ കൊല്ലപ്പെട്ട കേസന്വേഷണത്തില്‍ ശൈലജ വിശകലനം ചെയ്ത വിരലടയാളങ്ങള്‍ പ്രധാന തെളിവായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആര്‍. ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. കേരളാ സ്റ്റേറ്റ് ഫിംഗര്‍പ്രിന്‍റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറാണ് ശൈലജ.
1997 ല്‍ ഫിംഗര്‍പ്രിന്‍റ് സെര്‍ച്ചര്‍ ആയി സര്‍വ്വീസില്‍ പ്രവേശിച്ച ഇവര്‍ കോട്ടയം, ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ഫിംഗര്‍പ്രിന്‍റ് ബ്യൂറോകളില്‍ സേവനം അനുഷ്ഠിച്ചു. നിരവധി കേസന്വേഷണങ്ങളില്‍ നിര്‍ണ്ണായക തെളിവായ വിരലടയാളങ്ങള്‍ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് ശൈലജയുടെ വൈദഗ്ദ്ധ്യമായിരുന്നു. കോട്ടയത്ത് ഒഡീഷ സ്വദേശികള്‍ കൊല്ലപ്പെട്ട കേസന്വേഷണത്തില്‍ വിരലടയാളം പ്രധാന തെളിവായി മാറിയതാണ് അവയില്‍ ഏറെ പ്രധാനം. ശൈലജ വിശകലനം ചെയ്ത വിരലടയാളങ്ങള്‍ തെളിവായി സ്വീകരിച്ച് അസ്സം സ്വദേശിയായ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.
ALSO READ: ഇന്ന് കേരളത്തിൽ റിട്ടയർ ചെയ്യുന്നത് 10,801 പേര്‍ ; റെക്കോഡ് വിരമിക്കൽ
തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച ഔദ്യോഗിക യാത്രയയപ്പ് ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പത്മകുമാര്‍ കെ.ആര്‍. ശൈലജയ്ക്ക് ഉപഹാരം സമ്മാനിച്ചു. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണ്‍, ഫിംഗര്‍പ്രിന്‍റ് ബ്യൂറോ ഡയറക്ടര്‍ വി.നിഗാര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...