കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നാവിക സേനാ കേന്ദ്രത്തിലെ പരിശീലന വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് പോലീസ്
Fisherman: സംഭവ സമയത്ത് ഐഎൻഎസ് ദ്രോണാചാര്യയിൽ പരിശീലനം നടന്നിരുന്നതായാണ് പോലീസിന്റെ നിഗമനം. നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊച്ചി: കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക പരിശീലന കേന്ദ്രത്തിൽ പരിശോധന തുടരാൻ പോലീസ്. ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് ബാലിസ്റ്റിക് വിദഗ്‍ധയും പോലീസ് സംഘത്തെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങൾ കൈമാറാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവ സമയത്ത് ഐഎൻഎസ് ദ്രോണാചാര്യയിൽ പരിശീലനം നടന്നിരുന്നതായാണ് പോലീസിന്റെ നിഗമനം. നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടം നടന്ന സമയത്ത് നേവി ഉദ്യോഗസ്ഥർ ഫയറിങ് പരിശീലനം നടത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. പരിശീലനം നടത്തുന്നതിനിടെ ഉന്നംതെറ്റി വന്ന വെടിയുണ്ടയാണ് മത്സ്യത്തൊഴിലാളിയുടെ ചെവിയിൽ കൊണ്ടതെന്നുമാണ് പോലീസിന്റെ നിഗമനം. എന്നാൽ വെടിയുണ്ട നേവിയുടേതല്ലെന്നാണ് നാവികസേന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ആശുപത്രിയിലെത്തി വെടിയുണ്ടയുടെ അവശിഷ്ടം പരിശോധിച്ച ശേഷമാണ് നാവിക സേന ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; വെടിയുണ്ട ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും
നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് സെബാസ്റ്റ്യന്റെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇദ്ദേഹത്തിന്റെ വലത് കാതിലാണ് വെടിയേറ്റത്. അൽ റഹ്‌മാൻ നമ്പർ വൺ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിയായ അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. ഐഎൻഎസ് ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം നടക്കാറുണ്ട്. പരിശീലനം നടക്കുന്ന സമയങ്ങളിൽ മത്സ്യബന്ധന ബോട്ടുകളും മറ്റും കടന്നുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ അത്തരത്തിൽ അറിയിപ്പൊന്നും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...