കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെയിയേറ്റ സംഭവം; നിസഹകരിച്ച് നേവി, കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ
വെടിയേറ്റ മത്സ്യത്തൊഴിലാളിയെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിഞ്ഞ് നോക്കിയില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
കൊച്ചി: ഫോർട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്ത്. പോലീസ് അന്വേഷണത്തോട് നേവി സഹകരിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. വെടിയേറ്റ മത്സ്യത്തൊഴിലാളിയെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിഞ്ഞ് നോക്കിയില്ലെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
പോലീസ് അന്വേഷണത്തെ വഴിമുട്ടിക്കുന്ന രീതിയിലാണ് നേവിയുടെ നീക്കങ്ങള്‍. അപകടത്തിന് തൊട്ടുപിന്നാലെ വെടിയുണ്ട തങ്ങളുടേതല്ലെന്ന് പ്രഖ്യാപിച്ച നേവി ഉദ്യോഗസ്ഥർ ഫയറിങ് പരിശീലനം സംബന്ധിച്ച നിര്‍ണായക രേഖകൾ നൽകാനും തയ്യാറായിട്ടില്ല. കേന്ദ്ര സേനകളുടെ പക്കലുള്ള ഇന്ത്യന്‍ നിര്‍മിത റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് ബോട്ടിൽ നിന്ന് ലഭിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിൽ കൃത്യത വരുത്താനും വെടിയേറ്റത് എങ്ങനെയെന്ന കാര്യം വ്യക്തമാക്കാനുമാണ് പോലീസിന്റെ ശ്രമം.
കേന്ദ്ര സേനയ്ക്കെതിരായ പൊലീസിന്റെ അന്വേഷണത്തിന്‍റെ പരിമിതി കൂടി കണക്കിലെടുത്ത് കേന്ദ്ര ഏജൻസി തന്നെ അന്വേഷണം നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വെടിയേറ്റ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് ഒരു സഹായവും സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ചിട്ടില്ല. വള്ളത്തിന്‍റെ ഉടമയും സഹതൊഴിലാളികളുമാണ് ആകെയുള്ള ആശ്രയം. തുടര്‍ച്ചയായ നീതി നിഷേധത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.
നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് സെബാസ്റ്റ്യന്റെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇദ്ദേഹത്തിന്റെ വലത് കാതിലാണ് വെടിയേറ്റത്. അൽ റഹ്‌മാൻ നമ്പർ വൺ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിയായ അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. ഐഎൻഎസ് ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം നടക്കാറുണ്ട്. പരിശീലനം നടക്കുന്ന സമയങ്ങളിൽ മത്സ്യബന്ധന ബോട്ടുകളും മറ്റും കടന്നുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ അത്തരത്തിൽ അറിയിപ്പൊന്നും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...