കൊച്ചിയിൽ കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു
Fisherman: നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് സെബാസ്റ്റ്യന്റെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. അൽ റഹ്‌മാൻ നമ്പർ വൺ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിയായ അഴീക്കൽ സ്വദേശി സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് സെബാസ്റ്റ്യന്റെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇദ്ദേഹത്തിന്റെ വലത് കാതിലാണ് വെടിയേറ്റത്.
ബോട്ടിൽ വെടിയുണ്ടയുടെ അവശിഷ്ടം കണ്ടെത്തി. പരിക്കേറ്റ സെബാസ്റ്റ്യനെ മട്ടാഞ്ചേരി ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, വെടിയുണ്ട തങ്ങളുടേതല്ലെന്ന് നാവിക സേന വ്യക്തമാക്കി. ആശുപത്രിയിലെത്തി വെടിയുണ്ടയുടെ അവശിഷ്ടം പരിശോധിച്ച ശേഷമാണ് നാവിക സേന ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഐഎൻഎസ് ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം നടക്കാറുണ്ട്. പരിശീലനം നടക്കുന്ന സമയങ്ങളിൽ മത്സ്യബന്ധന ബോട്ടുകളും മറ്റും കടന്നുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. എന്നാൽ അത്തരത്തിൽ അറിയിപ്പൊന്നും ഇന്ന് ലഭിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...