ഉന്നത ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഫ്ലാഷ് ലൈറ്റ്; കെഎസ്ഇബിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ
ഇക്കാര്യത്തിലുള്ള പ്രതിഷേധം ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ ബോർഡ് ചെയർമാനെ നേരിട്ട് അറിയിച്ചു
ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ ചുവപ്പ്, നീല, വെള്ള നിറങ്ങളിലുള്ള ഫ്ലാഷ് ലൈറ്റുകൾ സ്ഥാപിക്കാൻ കെഎസ്ഇബിയുടെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ചെയർമാൻ, ഡയറക്ട്ർ ബോർഡ് അംഗങ്ങൾ, ചീഫ് എഞ്ചിനീയർമാർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവരുടെ വാഹനങ്ങളിൽ ഫ്ലാഷ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
വാഹനങ്ങളിൽ ലൈറ്റുകൾ ഘടിപ്പിക്കുന്നതിനുളള നടപടികളും കെഎസ്ഇബി ആരംഭിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കും പോകാനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ബോർഡിന്റെ തീരുമാനം ചോദ്യം ചെയ്ത് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സെക്ഷനുകളിലെ ഉദ്യോഗസ്ഥരാണെന്നും ഉന്നത ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഫ്ലാഷ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകത എന്താണെന്നും തൊഴിലാളി സംഘടനകൾ ചോദിക്കുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെ വാഹനങ്ങളിലെ ഫ്ലാഷ് ലൈറ്റ് ഒഴിവാക്കിയിട്ടും കെഎസ്ഇബിയിലെ ഉന്നതർക്ക് വേണ്ടി ഫ്ലാഷ് ലൈറ്റ് വേണമെന്ന ഉത്തരവാണ് പ്രതിഷേധത്തിന് വഴിവച്ചത്. ഇക്കാര്യത്തിലുള്ള പ്രതിഷേധം ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ ബോർഡ് ചെയർമാനെ നേരിട്ട് അറിയിച്ചു. അതേ സമയം തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാനാണ് ചെയർമാന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...