തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫ്ലാഷ്മോബ് നടത്തിയതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിട്ട ജസ്‌ല വനിതാ കമ്മീഷന്‍ പരാതി നല്‍കി. പൊതുഇടത്തിലേക്ക് ഇറങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ സംഘം ചേര്‍ന്ന് തേജോവധം ചെയ്യുന്ന പ്രവണത അപലപനീയമാണെന്ന് ജസ്‌ല പ്രതികരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാട്ടില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമെന്നും ഉള്ള രീതിയില്‍ തനിക്ക് ഭീഷണികളുണ്ടെന്ന് ജസ്‌ല പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്കും ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അവര്‍ അത്തരത്തില്‍ സ്വയം പ്രകടിപ്പിക്കുമ്പോള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന രീതി സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ജസ്‌ല അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ജസ്‌ല വ്യക്തമാക്കി. 


ഫേസ്ബുക്കിലെ ഫ്രീതിങ്കേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ഒരു ചുവട് വയ്ക്കാം എന്ന ആഹ്വാനത്തോടെയായിരുന്നു ജസ്‌ലയും സുഹൃത്തുക്കളും ഐ.എഫ്.എഫ്.കെ വേദിയില്‍ ചുവട് വച്ചത്. തുടര്‍ന്നായിരുന്നു ജസ്‌ലയ്ക്ക് നേരെ സൈബര്‍ ആക്രമണം.