Floating bridge: തിരയുടെ താളമറിയാം, `കടലോളം` ഉല്ലസിക്കാം; ബ്ലാങ്ങാട് ബീച്ചിലും ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങുന്നു
Floating bridge in Blangad beach: വലിയ സ്വീകാര്യതയാണ് സഞ്ചാരികളിൽ നിന്നും ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾക്ക് ലഭിക്കുന്നത്.
തൃശൂർ: വിനോദ യാത്ര അവിസ്മരണീയമാക്കി തിരകൾക്കൊപ്പം ആന്ദോളനമാടി നടന്നു കയറാൻ ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങുന്നു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചത്. വലിയ സ്വീകാര്യതയാണ് സഞ്ചാരികളിൽ നിന്നും ഇതിന് ലഭിച്ചത്.
തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ കൂടി ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കാൻ വകുപ്പ് തീരുമാനിച്ചിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ചാവക്കാട് ബ്ലാങ്ങാട് ബീച്ചിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എ മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്ലാങ്ങാട് ബീച്ചിന് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അനുവദിച്ചത്. ബ്ലാങ്ങാട് ബീച്ച് പാർക്കിന്റെ നേരെ പടിഞ്ഞാറ് ഭാഗത്താണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഒരുക്കിയിട്ടുള്ളത്. പ്രവർത്തനോദ്ഘാടനം ഉടനെയുണ്ടാകും.
ALSO READ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്
നേരത്തെ, കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ സ്ഥാപിച്ചിരുന്നു. തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസവുമായി കൈകോർത്ത് പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ സ്ഥാപിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ജനങ്ങൾ ഏറ്റെടുത്തതോടെ കാസർഗോഡ്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ സ്ഥാപിക്കാൻ ടൂറിസം വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...