Rice price hike: അരിവില നിയന്ത്രിക്കാൻ നടപടിയുമായി ഭക്ഷ്യവകുപ്പ്; ആന്ധ്രപ്രദേശ് ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തും
Andhra Pradesh: തിരുവനന്തപുരത്ത് എത്തുന്ന ആന്ധ്രപ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി. നാഗേശ്വര റാവുമായി ചർച്ച നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതിന്റെ ഭാഗമായി ആന്ധ്രയിൽ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിനെ സംബന്ധിച്ച കാര്യങ്ങൾ ഇന്ന് (നവംബർ ഒന്ന്) ആന്ധ്രപ്രദേശ് ഭക്ഷ്യമന്ത്രിയുമായി ചർച്ച ചെയ്യും. തിരുവനന്തപുരത്ത് എത്തുന്ന ആന്ധ്രപ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി. നാഗേശ്വര റാവുമായി ചർച്ച നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
രണ്ടാഴ്ച മുൻപ് ആന്ധ്ര സർക്കാരുമായി സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി നടത്തിയ ചർച്ചയുടെ ഭാഗമായാണ് ആന്ധ്ര ഭക്ഷ്യ വകുപ്പ് മന്ത്രി കേരളത്തിലെത്തുന്നത്. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.
ALSO READ: എം.വി.ഗോവിന്ദൻ സിപിഐഎം പിബിയിൽ; നിയോഗിച്ചത് കോടിയേരിയുടെ ഒഴിവിലേക്ക്
എത്ര ക്വിന്റൽ അരി, ഇതിന്റെ വില എന്നിവ ചർച്ച ചെയ്ത് തീരുമാനിക്കും. രാവിലെ പത്തരയ്ക്ക് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ ആന്ധ്രപ്രദേശ് സിവിൽ സപ്ലൈസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആന്ധ്ര മന്ത്രിയോടൊപ്പം പങ്കെടുക്കും. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ, പൊതുവിതരണ വകുപ്പു കമ്മീഷണർ സജിത് ബാബു, സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് പട്‌ജോഷി എന്നിവരും ചർച്ചയിൽ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...