Forgery Case: വ്യാജരേഖ കേസ്; കെ.വിദ്യയുടെ വീട്ടിൽ പോലീസ് പരിശോധന
Police search at K.Vidya`s house: നീലേശ്വരം പോലീസും അഗളി പോളിസുമാണ് തൃക്കരിപ്പൂർ മണിയനൊടിയിലെ വിദ്യയുടെ വീട്ടിൽ പരിശോധനക്കെത്തിയത്.
പാലക്കാട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവും തൃക്കരിപ്പൂര്‍ സ്വദേശിനിയുമായ കെ.വിദ്യയുടെ വീട്ടിൽ അഗളി പോലീസ് പരിശോധനക്ക് എത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ ആയിരുന്നു.
വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ തൃക്കരിപ്പൂർ മണിയനൊടിയിലെ വിദ്യയുടെ വീട്ടിൽ നീലേശ്വരം പോലീസും അഗളി പോളിസുമാണ് പരിശോധനക്കെത്തിയത്. ആദ്യം നീലേശ്വരം പോലീസ് എത്തുമ്പോഴേക്കും വീട് പൂട്ടിയ നിലയിൽ ആയിരുന്നു. പിന്നീട് അഗളി പോലീസ് എത്തിയപ്പോൾ സമീപത്തെ ബന്ധു വീട് തുറന്നു കൊടുത്തു.
അഗളി സിഐ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് 4 ദിവസം കഴിഞ്ഞിട്ടും പോലീസിന് വിദ്യയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിദ്യയെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങള്‍ അറിയാനാകൂ. അഗളി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ലാലിമോള്‍ വര്‍ഗീസിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അഗളി പോലീസ് കോളജിൽ എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
വിദ്യയ്‌ക്കെതിരെ മഹാരാജാസ് കോളേജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസും അഗളി സ്റ്റേഷനിലേക്ക് വ്യാഴാഴ്ച കൈമാറി. നീലേശ്വരം കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...