കോഴിക്കോട്: കോണ്‍ഗ്രസ് (Congress) പാർട്ടിയിൽ നിന്ന് രാജിവെച്ച് സിപിഎമ്മിലേക്ക് (CPM) ചേക്കേറിയ കെ.പി. അനില്‍കുമാറിനെ (KP Anilkumar) സി.പി.എം. കോഴിക്കോട് (Kozhikode) ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗം ആരംഭിച്ച് അല്‍പ്പനേരം കഴിഞ്ഞാണ് കെ പി അനില്‍കുമാര്‍  സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരണത്തിന് എത്തിയത്. അനില്‍കുമാറിന് വേദിയുടെ നടുവില്‍ തന്നെ പാർട്ടി ഇരിപ്പിടം നല്‍കി. സംഘാടകസമിതിയുടെ ചെയര്‍മാൻ തോട്ടത്തിൽ രവീന്ദ്രനും  ജനറല്‍ കണ്‍വീനർ എ. പ്രദീപ്കുമാറുമാണ്. 


എളമരം കരീം, ടി.പി.രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് തുടങ്ങിയ ഏഴംഗ രക്ഷാധികാരികളില്‍ ഒരാളായി ആണ് അനില്‍കുമാറിനെയും പാർട്ടി തെരഞ്ഞെടുത്തത്. ജനുവരി 10 മുതല്‍ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നളന്ദയിലാണ് സി.പി.എം. ജില്ലാ സമ്മേളനം നടക്കുക.


അതേസമയം കെ പി അനിൽകുമാർ (KP Anilkumar) സിപിഎമ്മിലേക്ക് ചേക്കേറിയതിന് പിന്നാലെ പൊളിറ്റ് ബ്യൂറോ (Polit Bureau) അം​ഗം എംഎ ബേബി (MA Baby) ഇതിനോട് പ്രതികരിച്ചിരുന്നു. യുഡിഎഫിൽ നിന്നും കൂടുതൽ പേർ സിപിഎമ്മിലും (CPM) എൽഡിഎഫിലും എത്തുമെന്ന് എംഎ ബേബി പറഞ്ഞു. കോൺഗ്രസ് (Congress), ലീഗ് നേതാക്കളും പ്രവർത്തകരും യു‍ഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് എത്തും. വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും അർഹമായ പരിഗണന നൽകുമെന്നും എംഎ ബേബി വ്യക്തമാക്കി.