ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദേശവുമായി പൊലീസ്
ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകമാവുന്നു
തിരുവനന്തപുരം : ഇപ്പോള്‍ വിവിധ കോഴ്സുകളുടെ ഫലം വരുന്ന സമയമായതിനാലാണ് കോഴ്സുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ കെണിയൊരുക്കുന്നത്. ഇ-മെയില്‍ മേല്‍വിലാസങ്ങള്‍ സംഘടിപ്പിച്ച് അതിലൂടെ ഓണ്‍ലൈന്‍ കോഴ്സുകളില്‍ ചേരാനുള്ള സന്ദേശങ്ങള്‍ അയക്കുന്നതാണ് പ്രധാന രീതി.
കോഴ്സില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കുകളും കൈമാറുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകള്‍ വാഗ്ദാനം നല്കിയാണിത്. പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ കോഴ്സുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് പൊലീസ് നല്‍കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയടക്കം പൊലീസ് ഇതുസംബന്ധിച്ച ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അറിയപ്പെടുന്ന പല കമ്ബനികളുടെയും സ്ഥാപനങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന പേരില്‍ പണമിടപാടുകള്‍ നടത്തിയശേഷം ഒടുവില്‍ അംഗീകാരമില്ലാത്തതും നിലവാരം കുറഞ്ഞതുമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി തട്ടിപ്പ് നടത്തുന്നു. ഇത്തരം നിരവധി സംഭവങ്ങള്‍ അടുത്തിടെയായി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതായി പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍കൂട്ടി പണം ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ കോഴ്സുകളും ജോലികളും വളരെ ശ്രദ്ധയോടെ മാത്രമേ തെരഞ്ഞെടുക്കാവൂ. ഒാണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ചേരുന്നതിനുമുമ്ബ് സ്ഥാപനത്തിന്റെ അംഗീകാരവും മറ്റ് വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കണം. ഡിഗ്രി, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ ചേരുന്നവര്‍ അവ അംഗീകൃത സര്‍വകലാശാല നടത്തുന്നതാണോയെന്ന് ഉറപ്പാക്കണം. വിദൂരവിദ്യാഭ്യാസം വഴി യു.ജി.സി അംഗീകാരമില്ലാത്ത വിവിധ കോഴ്സുകള്‍ നടത്തുന്ന നിരവധി സര്‍വകലാശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടേതടക്കം അനാവശ്യമായി ഒരു ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു. പല പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചുള്ള തട്ടിപ്പും നടക്കുന്നുണ്ട്.
വാട്സ്ആപ് വിഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്സ്ആപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വിഡിയോകോളിലൂടെ തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ പെരുകുകയാണെന്നും അപരിചിതരുടെ വിഡിയോ കോള്‍ സ്വീകരിക്കരുതെന്നും പൊലീസ് അറിയിച്ചു.
വിഡിയോ കോള്‍ ചെയ്ത് അശ്ലീല വിഡിയോ ചിത്രീകരിച്ച് വിഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയാണ് വ്യാപകം. ചിലര്‍ മാനഹാനി ഭയന്ന് പണം കൈമാറുന്നു. ഇങ്ങനെ നല്‍കിയവരില്‍നിന്ന് തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നെന്ന പരാതികളും ലഭിക്കുന്നുണ്ട്. വിഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യുമ്ബോള്‍ വളരെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
'ആ പാമ്ബ് അവിടെതന്നെ ഇരിക്കട്ടെ... അപരിചിതരില്‍നിന്നുള്ള വിഡിയോ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ സൂക്ഷിക്കുക' എന്ന ആമുഖത്തോടെയാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മൊബൈല്‍ ഫോണിലേക്ക് വരുന്ന വിഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്ലീല വിഡിയോ പ്രത്യക്ഷപ്പെടുകയും വിന്‍ഡോ സ്ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്തെടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പണം ആവശ്യപ്പെടുകയാണ് രീതി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വിഡിയോ അയച്ചുകൊടുക്കുമെന്നുള്ള ഭീഷണിയില്‍ പലരും കുടുങ്ങുന്നു.
വിഡിയോ സമൂഹമാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതില്‍ സജീവമെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...