പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ആറര ലക്ഷത്തിലധികം പേർക്ക് അന്നമൂട്ടി ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. ദിവസവും മൂന്നുനേരം കാൽ ലക്ഷത്തോളം ഭക്തജനങ്ങൾക്ക് സൗജന്യ ഭക്ഷണം ഇതുവഴി നൽകാനാകുന്നുണ്ട്. ഈ സീസണിൽ ഭക്തരിൽ നിന്നുമാത്രം 1.52 കോടി രൂപയാണ് അന്നദാനത്തിനായി സംഭാവന ലഭിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ഡലകാലം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഈ സീസണിൽ ആറരലക്ഷത്തിലേറെപ്പേർക്കാണ് സന്നിധാനത്തെ ദേവസ്വം ബോർഡ് അന്നദാന മണ്ഡപം ഭക്ഷണം വിതരണം ചെയ്തത്. ഡിസംബർ 23 ലെ കണക്കുകൂടി ചേർത്താൽ സംഖ്യ 6.75 ലക്ഷത്തിന് അടുത്തെത്തും. ദിവസവും മൂന്നുനേരമായി ഇരുപത്തിയൊന്നായിരത്തിലേറെപ്പേർക്കു സൗജന്യഭക്ഷണം അന്നദാനമണ്ഡപം വഴി നൽകാനാകുന്നുണ്ട്. അന്നദാനത്തിനായി ഈ സീസണിൽ ദേവസ്വം ബോർഡിന് ശബരിമലയിൽ എത്തിയ ഭക്തരിൽനിന്നു ലഭിച്ച സംഭാവന 1.52 കോടി രൂപയാണ്. സന്നിധാനത്തിനുപുറമേ പമ്പ, നിലയ്ക്കൽ, എരുമേലി, പന്തളം എന്നീ സ്ഥലങ്ങളിലെ അന്നദാനമണ്ഡപങ്ങളിലും ഭക്തർ നൽകുന്ന സംഭാവന ഉപയോഗിച്ചു ദേവസ്വം ബോർഡ് അയ്യപ്പന്മാർക്ക് അന്നദാനം ഒരുക്കുന്നുണ്ട്.


മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. 2000 പേർക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടമുണ്ടെങ്കിലും വൃത്തിയാക്കലും മറ്റുസൗകര്യങ്ങളും പരിഗണിച്ച് പകുതിയോളം പേർക്കാണ് ഒരുമിച്ച് ഭക്ഷണം നൽകുന്നത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് അന്നദാനത്തിന്റെ സമയം ദീർഘിപ്പിച്ചതിനാൽ കൂടുതൽ പേർക്ക് ഭക്ഷണം നൽകാനാവുന്നുണ്ട്. കഴിഞ്ഞസീസണിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇരുപതിനായിരത്തിൽ അധികം തീർഥാടകർക്കും കൂടുതലായി ഭക്ഷണം നൽകാൻ സാധിച്ചുവെന്ന് അന്നദാന മണ്ഡപത്തിന്റെ ചുമതലയുള്ള എസ്. അനുരാജ് പറഞ്ഞു. 


രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്നുനേരമാണ് ഭക്ഷണം നൽകുന്നത്. ഒരുനേരം മാത്രം എണ്ണായിരത്തോളം പേർക്കു ഭക്ഷണം നൽകാനാകുന്നുണ്ട്. തിരക്കുവർധിച്ച കഴിഞ്ഞദിവസങ്ങളിൽ ഒറ്റദിവസം കൊണ്ട് 22,500ൽ ഏറെപ്പേർക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞുവെന്നും അന്നദാനമണ്ഡപം അധികൃതർ ചൂണ്ടിക്കാട്ടുന്നു. പ്രഭാതഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം, ഉച്ചഭക്ഷണമായി പുലാവ്, അച്ചാർ, സാലഡ്, ചുക്കുവെള്ളം, രാത്രിഭക്ഷണമായി കഞ്ഞി പയർ, അച്ചാർ എന്നിവയുമാണ് നൽകുന്നത്. മൂന്നുഷിഫ്റ്റുകളിലായി താൽക്കാലിക ജീവനക്കാരുൾപ്പെടെ 240 പേരാണു ജോലിചെയ്യുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..