തിരുവനന്തപുരം: പുതിയ കാലഘട്ടത്തിലെ അറിവുകളും സാങ്കേതികവിദ്യകളും  എല്ലാവർക്കും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നിർവഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

അറിവിനെ കുത്തകവൽക്കരിക്കുന്നതിനെതിരെ രൂപംകൊണ്ട സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന ആശയത്തിന് വലിയ പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന നാടാണിത്. ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനവും കേരളമാണ്. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും യഥാർത്ഥ്യമാക്കിയ സംസ്ഥാനവും കേരളമാണ്.   എല്ലാ നിയോജക മണ്ഡലങ്ങളിലും സ്മാർട്ട് ക്ലാസുകളുൾപ്പെടെ  ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത്  അതുല്യമായ നേട്ടങ്ങൾ നമ്മുടെ സംസ്ഥാനം കൈവരിച്ചു കഴിഞ്ഞു.   സാർവത്രികമായി ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കെ ഫോൺ പദ്ധതി നടപ്പാക്കിയത്.  ഇന്നത് ലോകശ്രദ്ധയിലേക്ക് ഉയർന്നിരിക്കുകയാണ്. മാറുന്ന കാലത്തിനനുസരിച്ച് അറിവിന്റെ സ്വതന്ത്ര്യവും സാർവത്രികമായ ലഭ്യതയും ഉറപ്പാക്കാനുള്ള ഇടപെടലുകൾ നടത്തിയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് സർക്കാരിന്റെ ഇത്തരം ഇടപെടലുകൾ. അതേസമയം നൂതന സാങ്കേതികവിദ്യകളെ സർക്കാർസേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനു ഉപയോഗപ്പെടുത്തി സമ്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.


ALSO READ: ഓണസമയത്ത് 9.77 ശതമാനം വർദ്ധന മാത്രം; വിമാന ടിക്കറ്റ് നിരക്ക് വർദ്ധനയിലെ കേരളത്തിൻ്റെ ആവശ്യം നിരസിച്ചു


വിജ്ഞാന സ്വാതന്ത്ര്യമെന്നത് ഇക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. നൂതന സാങ്കേതികവിദ്യ വേഗത്തിൽ വളരുന്ന ഈ കാലഘട്ടത്തിൽ പല അറിവുകളും ചില പ്രത്യേക വിഭാഗങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അത് സുസ്ഥിരവികസന കാഴ്ചപ്പാടുകളെത്തന്നെ പിന്നോട്ടടിപ്പിക്കുന്നു. അറിവ് മാനവരാശിയുടെ മുന്നേറ്റത്തിനുള്ള പൊതുവായ ആയുധമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അതിന് വിരുദ്ധമായ നിലയാണ് ഇതിലൂടെ ഉണ്ടാകുന്നത്.  അറിവിനെ കൊള്ളലാഭം കൊയ്യാനുള്ള ഉപാധിയാക്കുന്ന പ്രവണതയാണിത്. പലരും പുറന്തള്ളപ്പെട്ടു പോകുന്ന ഈ അവസ്ഥയുടെ നേരെ എതിർ ദിശയിലാണ് ഫ്രീഡം ഫെസ്റ്റ് സഞ്ചരിക്കുന്നത്. വിജ്ഞാന സ്വാതന്ത്ര്യം എന്ന ആശയത്തിന് മികച്ച രീതിയിലുള്ള സ്വീകാര്യതയാണ് നമ്മുടെ നാട്ടിൽ ലഭിച്ചിട്ടുള്ളത്. അതിന് പല കാരണങ്ങളുണ്ട്. ലോകത്ത് നടക്കുന്ന ഏത് പുരോഗമനകാര്യവും വളരെ വേഗം മനസ്സിലാക്കാൻ ശ്രമിക്കുന്നവരാണ് കേരളീയർ.  നൂതന സാങ്കേതിക വിദ്യയുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്.  എന്നാൽ ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിനും അവ പ്രയോഗിക്കുന്നതിനും നമുക്ക് സാമ്പത്തികവും സ്ഥല സംബന്ധവുമായ ചില പരിമിതികളുണ്ട്. അവയെ എപ്രകാരം മറികടക്കാമെന്ന ചിന്തയാണ് സ്വതന്ത്രസോഫ്‌റ്റ്വെയർ പോലെയുള്ള ആശയത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കേരളത്തിന് പ്രോത്സാഹനമായത്.


ഇത്തരത്തിൽ നൂതന സാങ്കേതിക വിദ്യയോടും അറിവിന്റെ സാർവത്രികമായ വിതരണത്തോടും കേരളസമൂഹത്തിന്റെ ആഭിമുഖ്യത്തെ കൂടുതൽ വർധിപ്പിക്കാൻ ഫ്രീഡം ഫെസ്റ്റ് പോലുള്ള പരിപാടികൾ ഉതകും. വിജ്ഞാന സ്വാതന്ത്ര്യം സാധ്യമാകണമെങ്കിൽ അറിവിന്റെ ഉല്പാദനത്തിലും പ്രയോഗത്തിലും വിതരണത്തിലും പൊതുജന സ്പർശിയായ ഇടപെടലുകൾ  ഉണ്ടാകണം. ക്ലാസ് മുറികളെ കേവലം അറിവിന്റെ വിതരണ കേന്ദ്രങ്ങൾ മാത്രമാക്കാതെ, അറിവ് സൃഷ്ടിക്കുന്ന ഇടങ്ങൾ ആയിക്കൂടി മാറ്റുന്നതിനുള്ള നടപടികളാണ് സർക്കാർ നടത്തുന്നത്. സ്വതന്ത്രവിജ്ഞാനം പ്രയോജനപ്പെടുത്തിക്കൊണ്ട്   പൊതുവിദ്യാഭ്യാസ മേഖലയിൽ നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ നമ്മുടെ സ്‌കൂളുകളിലേക്ക് എത്തി എന്നത് ശ്രദ്ധേയമാണ്.  കുറച്ചു മാസങ്ങൾക്കു മുൻപാണ് 2000 സ്‌കൂളുകളിൽ 9000 ഓപ്പൺ ഹാർഡ്‌വെയർ അധിഷ്ഠിത റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കിയത്. അത് 12 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെട്ടു.


ഉന്നത വിദ്യാഭ്യാസ രംഗം വരെ നൂതനമായ അറിവുകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 3,500 കോടി രൂപയുടെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ബജറ്റാണ് ഇത്തവണ സംസ്ഥാന സർക്കാർ അവതരിപ്പിച്ചത്. സർവകലാശാലകളിലും ഇതര ഗവേഷണ സ്ഥാപനങ്ങളിലും നടത്തുന്ന ഗവേഷണപ്രവർത്തനങ്ങൾ  കാലോചിതമായി പരിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.  മികച്ച ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും  ഗവേഷകർക്ക് ഉണ്ടാകും. അതോടൊപ്പം പോസ്റ്റ് ഡോക്ടറൽ ഗവേഷണവും പ്രോത്സാഹിപ്പിക്കുകയാണ്. നാടിന്റെ വികസനത്തിന് സഹായകമാകുംവിധം  ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നതിന് നവകേരള പോസ്റ്റ് ഡോക്ടർ ഫെലോഷിപ്പുകളും നൽകുന്നു. ഗവേഷണ രൂപരേഖ സമർപ്പിച്ച 77 പേർക്ക് ഇതിനോടകം ഫെലോഷിപ്പ് നൽകി കഴിഞ്ഞു.  നവകേരളസങ്കൽപം യാഥാർഥ്യമാക്കാൻ ഉപകരിക്കുന്ന ഗവേഷണഫലങ്ങൾ ഈ  പദ്ധതികളിലൂടെ ലഭിക്കും.  വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പ്രോജക്റ്റുകൾ ഉണ്ടാകണം.  അതിന് യുവ ഗവേഷകർക്ക് മതിയായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും ആവശ്യമെങ്കിൽ ഗവേഷണ ശില്പശാലകൾ സംഘടിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിച്ചു വരികയാണ്.  ഇതിനെല്ലാം പുറമേ ഗവേഷണ ഫലങ്ങളെ പൊതുസമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ പരിവർത്തിപ്പിക്കുന്നതിനുള്ള  ട്രാൻസ്ലേഷനൽ റിസർച്ച് ലാബുകളും ഒരുക്കി വരികയാണ്. 10 സർവകലാശാലകളിൽ  200 കോടി രൂപ ചെലവഴിച്ചാണ് ഇത് സജ്ജമാക്കുന്നത്. ഇത്തരത്തിൽ അറിവിൻറെ ഉൽപാദനവും സാർവത്രികമായി വിതരണവും സാധ്യമാക്കി  ഒരു വൈജ്ഞാനിക നൂതനത്വ സമൂഹം സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അതിനുവേണ്ട ഭൗതികസാഹചര്യങ്ങളും ഡിജിറ്റൽ സൗകര്യങ്ങളും ഒരുക്കുന്നതിനായി മികച്ച രീതിയിൽത്തന്നെ സർക്കാർ ഇടപെടും.


ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 76-ാം  വാർഷികം ആഗസ്റ്റ് 15 ന് ആഘോഷിക്കുകയാണ്.  എല്ലാവർക്കും അനുഭവഭേദ്യമാകുമ്പോഴാണ് സ്വാതന്ത്ര്യം അർത്ഥവത്താകുന്നത്.   ശാസ്ത്രസാങ്കേതികവിദ്യ,  ഡിജിറ്റൽസങ്കേതങ്ങൾ  പൊതുസേവനങ്ങൾ എന്നിവയെല്ലാം മൂഹത്തിലെ എല്ലാവർക്കും പ്രാപ്യമാകമെന്നും അതാണ് സംസ്ഥാനസർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ചടങ്ങിൽ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു, വി.കെ പ്രശാന്ത് എം.എൽ.എ, ഫ്രീഡം ഫെസ്റ്റ് അക്കാദമിക സമിതി ചെയർമാൻ ടി.എം തോമസ് ഐസക്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശരണ്യ എസ് എസ്, കൈറ്റ് വിക്ടേഴ്‌സ് ഡയറക്ടർ അൻവർ സാദത്ത്, കാന്താരി ബ്രെയിൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സബ്രിയെ ടെൻബർക്കൻ, യുണിസെഫ് സാമൂഹിക നയവിദഗ്ധ പിയുഷ് ആന്റണി, ഡി  എ കെ എഫ് ജനറൽ സെക്രട്ടറി ടി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.