Gandhi Jayanti 2022 : ഒക്ടോബർ രണ്ടിന് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ; സ്വാതന്ത്ര സമരസേനാനികൾക്ക് മെട്രോയിൽ സൗജന്യ യാത്ര
നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധി ജയന്തി ദിനത്തിൽ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം.
ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. സ്വാതന്ത്ര സമര സേനാനികൾക്ക് ഒക്ടോബർ രണ്ടിന് കൊച്ചി മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. സ്വാതന്ത്ര സമരസേനാനികൾക്കായുള്ള തിരിച്ചറിയൽ കാർഡ് യാത്രയ്ക്കായി വരുമ്പോൾ കയ്യിൽ കരുതണം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ രണ്ടിനും തുടരും. നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധി ജയന്തി ദിനത്തിൽ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എം.ജി.റോഡ് മെട്രോ സ്റ്റേഷന് മുന്നിൽ നിർമ്മിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ ഒക്ടോബർ ഒന്നിന് രാവിലെ 9.30 മണിക്ക് ഹൈബി ഈഡൻ എം.പി അനാച്ഛാദനം ചെയ്യും. കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയാണ് 4.5 അടി ഉയരമുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ നിർമ്മിച്ചത്. സ്തൂപത്തിന് അഞ്ച് അടിയാണ് ഉയരം. നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് മാസം കൊണ്ടാണ് പൂർത്തിയായത്. ചെട്ടിയാകുന്നേൽ ഗ്രൂപ്പാണ് പ്രതിമയുടെ നിർമ്മാണ ചെലവ് വഹിച്ചിരിക്കുന്നത്.ഗാന്ധി ജയന്തി ദിനത്തിൽ പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡിന്റെ നിരക്കും ആനുവൽ ഫീസുമായ 225 രൂപ കാഷ്ബാക്ക് ആയി തിരികെ ലഭിക്കും.
ALSO READ: ലഹരി വിതരണവും ഉപഭോഗവും തടയാൻ നടപടി; സ്ഥിരം പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ മുഖ്യമന്ത്രിയുടെ നിർദേശം
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ കലൂരിൽ നിന്ന് കാക്കാനാട് വരെയാണ് മെട്രോ പാത നീട്ടുന്നത്. മെട്രോയുടെ പുതിയ ഘട്ടത്തിന് കേരളം സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി തറകല്ലിട്ടിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി സഭായോഗം മെട്രൊയുടെ അടുത്തഘട്ടത്തിന് അനുമതി നല്കിയത്. മെട്രോയുടെ അടുത്ത ഘട്ടവും കൂടി വരുമ്പോൾ കൊച്ചി നഗരത്തിലെ ഗതാഗതം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...