തിരുവനന്തപുരം:  UAE കോണ്‍സുലേറ്റ് വഴി നടന്ന വന്‍  സ്വർണക്കടത്ത് കേസിൽ UAE കോൺസുലേറ്റിലെ സ്റ്റാഫ്  അറ്റാഷെയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ്....


COMMERCIAL BREAK
SCROLL TO CONTINUE READING

 അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയിൽ നിന്നാണ് കസ്റ്റംസ് വിവരങ്ങൾ ശേഖരിക്കുക.  അതേസമയം,  അറ്റാഷെയ്ക്ക് നയതന്ത്ര പരിരക്ഷ നിലനിൽക്കുന്നതുകൊണ്ട് കേന്ദ്രത്തിന്‍റെ  അനുമതിക്കായി കസ്റ്റംസ് കത്ത് നൽകിയിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ,  കേന്ദ്ര  പരോക്ഷ നികുതി ബോർഡിനാണ് കത്ത് നൽകിയിരിക്കുന്നത്. കേന്ദ്ര പരോക്ഷ നികുതി ബോർഡ് ഈ അപേക്ഷ  വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം കൈക്കൊള്ളുക.


ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയത്   അറ്റാഷെയുടെ പേരിലായിരുന്നു.  ദുബായില്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് ബാഗേജിനുള്ളില്‍ സ്വര്‍ണം എത്തിയത്.


എന്നാല്‍,  ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നാണ് അറ്റാഷെ പറയുന്നത്. സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നും അറ്റാഷെ വിശദീകരണം നല്‍കി. അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത്  ബാഗേജ് എടുക്കാൻ എത്തിയത്. കത്ത് വ്യാജമാണോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. 


സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അറ്റാഷെയിൽ നിന്ന്  കസ്റ്റംസ് വിശദാംശങ്ങൾ ചേദിച്ചറിയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന  റിപ്പോർട്ട്...!! 


എന്നാല്‍, സ്വര്‍ണ  കള്ളക്കടത്തുമായി തനിക്കോ  UAE കോണ്‍സുലേറ്റിനോ ബന്ധമില്ലെന്നും  നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും സഹകരിക്കുമെന്നും  അറ്റാഷെ മുന്‍പ് മൊഴി നല്‍കിയിരുന്നു.


അതേസമയം,   സ്വർണക്കടത്ത് കേസിൽ  UAE കോൺസുലേറ്റിന്‍റെ   ഭാഗത്ത് ഗുരുതര വീഴ്ച വന്നതായി കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിൽ വരുന്ന ചില പാഴ്‌സലുകൾ എടുത്തിരുന്നത് സരിത്താണെന്നും  കണ്ടെത്തിയിട്ടുണ്ട്. 


കോൺസുലേറ്റിലെത്തുന്ന പാഴ്‌സലിന് പണം അടയ്‌ക്കേണ്ടത് കോൺസുലേറ്റ് തന്നെയാണ്. എന്നാൽ ഈ ചട്ടം മറികടന്ന് ചില പാർസലിന്‍റെ  പണമടയ്ക്കുന്നത് സരിത്താണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പാർസൽ കൊണ്ടുപോകുന്നത് സരിത്തിന്‍റെ  വാഹനത്തിൽ തന്നെയാണ്. കോൺസുലേറ്റ് വാഹനത്തിൽ കൊണ്ടു പോകണമെന്ന നിയമം മറികടന്നാണ് ഈ ഇടപെടൽ.


ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. UAE കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക്  ബാഗേജിൽനിന്നാണ്  30 കിലോ സ്വർണം പിടികൂടിയത്.  ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക്  ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്‍റെ  അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ  അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. 


സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.  യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യമാണ്.


യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ പരിശോധിച്ചതിൽ 15 കോടി വിലമതിക്കുന്ന 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാർഗോ ഫ്ലൈറ്റിലാണ് ദുബൈയിൽ നിന്ന് പാഴ്സൽ എത്തിയത്. പല രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്.