ഗോപി കോട്ടമുറിക്കൽ മൂവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
മൂവാറ്റുപുഴ പേഴയ്ക്കാപിള്ളിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് വീട് ജപ്തി ചെയ്തതിനെ തുടർന്നുള്ള വിവാദങ്ങളാണ് രാജിയിലേക്ക് നയിച്ചത്.
എറണാകുളം: ഗോപി കോട്ടമുറിയ്ക്കൽ മൂവാറ്റുപുഴ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ സ്ഥാനം രാജിവച്ചു. ജപ്തി വിവാദത്തിന് പിന്നാലെയാണ് രാജി. പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുതിർന്ന സിപിഎം നേതാവായ ഗോപി കോട്ടമുറിയ്ക്കലിന്റെ രാജിയെന്നാണ് റിപ്പോർട്ട്. ഗോപി കോട്ടമുറിക്കൽ നിലവിൽ കേരള ബാങ്ക് ചെയർമാനാണ്. ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, മാനേജർ സജീവൻ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം ഉണ്ടായതിന് പിന്നാലെ ബാങ്ക് സിഇഒ ജോസ് കെ പീറ്റർ രാജിവച്ചിരുന്നു.
മൂവാറ്റുപുഴ പേഴയ്ക്കാപിള്ളിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് വീട് ജപ്തി ചെയ്തതിനെ തുടർന്നുള്ള വിവാദങ്ങളാണ് രാജിയിലേക്ക് നയിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎ സ്ഥലത്തെത്തി ബാങ്കുകാർ പൂട്ടിയ വീട് തുറന്ന് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടികളുടെ പിതാവ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഭാര്യ ഇയാൾക്കൊപ്പം ആശുപത്രിയിലായിരുന്നു. കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഈ സമയത്ത് ബാങ്ക് ഉദ്യോഗസ്ഥർ കുട്ടികളെ വീട്ടിൽ നിന്ന് പുറത്തിറക്കി വീട് ജപ്തി ചെയ്യുകയായിരുന്നുവെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കിയത്. ബാങ്ക് അധികൃതരോട് സംസാരിച്ച് അവർ ഉടൻ എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ഒരു മണിക്കൂറോളം കാത്ത് നിന്നതായും എംഎൽഎ പറഞ്ഞു. തുടർന്നാണ് പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് സമ്മർദ്ദത്തെ തുടർന്ന് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...