വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട്; തീരുമാനമാകാതെ സർവ്വകക്ഷിയോഗം
കേരളത്തിന്റെ സ്വപ്ന പദ്ധതിയുമായി മുന്നോട്ട് പോകണമെന്നാണ് ആവശ്യം
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഉണ്ടായ അക്രമങ്ങൾ ആവർത്തിക്കരുതെന്നും പ്രദേശത്ത് സമാധാന അന്തരീക്ഷം ഉണ്ടാകണമെന്നും സർക്കാർ. സമരസമിതി ഒഴികെ ബാക്കി എല്ലാവർക്കും പദ്ധതി നടപ്പിലാകണമെന്നാണ് ആഗ്രഹമെന്ന് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് സര്‍വകക്ഷിയോഗത്തിലെ അഭിപ്രായമെന്ന് സാരം. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി.ആർ. അനിലാണ് യോഗത്തിലെത്തിയത്. സമരസമിതി ഒഴികെയുള്ള എല്ലാ സംഘടനകളും ആവശ്യപ്പെട്ടത് വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുതരുതെന്നാണ് മന്ത്രി പറഞ്ഞത്. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണമെന്നാണ് പൊതുവികാരമെന്നും മന്ത്രി കൂട്ടിചേർത്തു. കേരളത്തിന്റെ സ്വപ്നമായ വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്തരുതെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോലുള്ള അക്രമങ്ങൾ ആവർത്തിക്കരുതെന്നും സർവകക്ഷി യോഗത്തില്‍ ധാരണയായതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍, വിഴിഞ്ഞം സമര സമിതി ഒഴികെയുള്ള, രാഷ്ട്രീയ സാമുദായിക സംഘടനകള്‍ പദ്ധതി നിറുത്തിവക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് സർക്കാരിന്റെ വിശദീകരണം.
സർക്കാരും പോലീസും പദ്ധതി പ്രദേശത്ത് ആത്മസംയമനം പാലിച്ചത് കൊണ്ട് മാത്രമാണ് ഇത്രയും നാളും വലിയ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. സാമുദായിക ഐക്യം തകർക്കുന്ന രീതിയിലുള്ള വ്യാജ പ്രചരണങ്ങളും ഉണ്ട്. വിഴിഞ്ഞത് സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും ഒരുപോലെ സഹകരിക്കണമെന്നും മന്ത്രി കൂട്ടിചേർത്തു. സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ ഇനിയും ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷ്പക്ഷവും നീതിപൂര്‍വവുമായ നിയമനടപടികളുമായി പോലീസ് മുന്നോട്ടുപോകും. ഇനിയും അക്രമം വ്യാപിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്.
സാമൂദായിക ഐക്യം തകർക്കുന്ന തരത്തിലുള്ള സോഷ്യൽ മിഡീയയിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. വിഴിഞ്ഞം പദ്ധതിയെ തടസപ്പെടുത്തുന്നത് നാടിന്റെ ഐക്യത്തിന് തടസം നില്‍ക്കുന്നവരാണെന്ന് യോഗത്തില്‍ സംസാരിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പറഞ്ഞു. വിഴിഞ്ഞത്ത് സമാധാനം സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിഴിഞ്ഞം സമര സമിതിയുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ആറുതവണയിലേറെ ചര്‍ച്ചകള്‍ നടത്തി. ഇനിയും ആവശ്യമെങ്കില്‍ സമരക്കാരെ കേള്‍ക്കാന്‍ തയ്യാറാണ്. വിഴിഞ്ഞം പദ്ധതി നിറുത്തിവക്കാന്‍ കഴിയില്ല. ജനങ്ങളുടെ സ്വൈര ജീവിതത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാവരും പിന്‍മാറണമെന്ന് യോഗത്തില്‍ ധാരണയായതായും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...