KSRTC | കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം
വിജിലൻസ് റിപ്പോർട്ട് പുറത്ത് വരുമ്പോൾ പ്രതികൾ ആരെന്ന് ബോധ്യമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു
തിരുവനന്തപുരം: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിനെച്ചൊല്ലി (KSRTC Bus terminal) നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തെക്കുറിച്ചുള്ള വിജിലൻസ് റിപ്പോർട്ട് പുറത്ത് വരുമ്പോൾ പ്രതികൾ ആരെന്ന് ബോധ്യമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു (Minister Antony Raju) പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ടെർമിനലാണിതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിലെ അപാതകകളെക്കുറിച്ച് ടി സിദ്ദിഖ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു.
കെഎസ്ആർടിസി ബസ് ടെർമിനൽ മറ്റൊരു പാലാരിവട്ടം ആയോ എന്നത് അന്വേഷിക്കയാണെന്നും ഗതാഗത മന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്ത് നിർമ്മിച്ച പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. നിർമ്മാണ പിഴവിനെ കുറിച്ച് ഈ സർക്കാർ നിയോഗിച്ച വിജിലൻസ് സംഘം അന്വഷണം നടത്തുന്നുണ്ട്. രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് ലഭിക്കും. തുടർ നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കുറ്റവാളികളെ ലക്ഷ്യംവച്ചാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്നായിരുന്നു ടി സിദ്ദിഖിന്റെ നിലപാട്. 74.79 കോടിക്ക് പൂർത്തിയായ പദ്ധതി വെറും കൽമന്ദിരമായി മാറി. അലിഫ് ബിൽഡേഴ്സിന് ചുളുവിലക്ക് കെട്ടിടം സർക്കാർ കൊടുത്തു. 33 കോടി രൂപ ഇളവ് നൽകി. ഉടമകൾക്കെതിരെ പലയിടത്തും പോലീസ് കേസുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു.
എന്താണ് അടിയന്തര പ്രാധാന്യമെന്ന് മന്ത്രിയുടെ ശബ്ദത്തിൽ നിന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
2008ലാണ് മുൻകൂർ നിർമ്മാണ അനുമതി കൊടുക്കുന്നത്. അത് പൂർണ്ണമായി കോർപ്പറേഷൻ നിഷേധിച്ചു. ഇത് കിട്ടാതെയാണ് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ നിർമ്മാണത്തിന് തറക്കല്ലിടുന്നത്.
2007ൽ നിർമ്മാണം തുടങ്ങി. യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കോഴിക്കോട് കോർപ്പറേഷൻ പണി നിർത്തിവയ്ക്കാൻ പറഞ്ഞു. പിന്നീട് അനുമതി വാങ്ങി പണി പൂർത്തിയാക്കി. പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത് മാത്രമാണ് ഉമ്മൻ ചാണ്ടി ചെയ്തതെന്നും വി ഡി സതീശൻ പറഞ്ഞു. 50 കേടി 17 കോടിയാക്കി കുറച്ചിട്ടും ആലിഫ് ബിൽഡേഴ്സ് ഇളവ് ചോദിക്കുന്നുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...