COVID Crisis : കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
NRI കൾക്ക് ആശ്വാസം പകരുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല (Ramesh Chennithala) മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
Thiruvananthapuram : കോവിഡ് പ്രതിസന്ധിയുടെ ഫലമായി വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്ന വിദേശമലയാളികള്‍ക്ക് (NRI) ആശ്വാസം പകരുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല (Ramesh Chennithala) മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
വിദേശരാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാകാതെ കേരളത്തില്‍ കുടുങ്ങിപ്പോയ പ്രവാസി മലയാളികളുള്‍പ്പെടെയുള്ളവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ദിവസവും നിരവധി പരാതികളും ഫോണ്‍ സന്ദേശങ്ങളും തനിക്കു ലഭിക്കുന്നുണ്ട്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലെ അപാകത മുതല്‍ സാമ്പത്തികസഹായം വരെയുള്ള നിരവധി കാര്യങ്ങളില്‍ അവര്‍ സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുകയാണെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ അറിയിച്ചു.
നിലവിലുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വിദേശരാജ്യങ്ങള്‍ക്കു കൂടി സ്വീകാര്യമായ വിധത്തില്‍ പരിഷ്‌കരിക്കണം, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം, വിമാനസര്‍വ്വീസുകള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് അതാത് രാജ്യങ്ങളിലെ എംബസികളുടെ സഹായത്തോടെ തിരികെപ്പോകാനുളള അനുമതിയും, ക്രമീകരണവും ലഭ്യമാക്കണം, വിസകാലാവധി കഴിഞ്ഞവരുടെ വിസ റെഗുലറൈസ് ചെയ്യുന്നതിന് അതാത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം, കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നും പ്രത്യേക ധനസഹായം അനുവദിക്കണം, പ്രവാസികള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം, കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളുടെ മക്കള്‍ക്ക് പഠനസഹായം ഉറപ്പുവരുത്തണം, കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസി ജീവിതം പൂര്‍ണ്ണമായും അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പിലാക്കണം തുടങ്ങിയ പ്രവാസികളുടെ ആവശ്യങ്ങള്‍ രമേശ് ചെന്നിത്തല കത്തില്‍ ഉന്നയിച്ചു.
ഈ വിഷയങ്ങള്‍ വിവിധസന്ദര്‍ഭങ്ങളില്‍ നിയമസഭയിലടക്കം ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതില്‍ പ്രവാസികള്‍ കടുത്ത ആശങ്കയിലാണെന്നും, അതുകൊണ്ട് ഇക്കാര്യങ്ങളില്‍ അടിയന്തര നടപടികളുണ്ടാകണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...