തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായുള്ള വിവരശേഖരണം സാമൂഹികനീതി വകുപ്പ് ആരംഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പദ്ധതി വഴി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 5,000 രൂപയുടെ ധനസഹായം ലഭിക്കും. എന്നാല്‍ ഈ പദ്ധതിയുടെ പ്രയോജനം ഈ വര്‍ഷം ജനുവരി ഒന്നിനോ അതിനു ശേഷമോ ഗര്‍ഭം ധരിച്ചവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത ആദ്യ പ്രസവത്തിനു മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നതാണ്. 


മാതൃവന്ദനയോജന പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഗഡുവായ 1000 രൂപ ലഭിക്കും. ഒരു ഗര്‍ഭകാല പരിശോധനയെങ്കിലും പൂര്‍ത്തിയാക്കിയാല്‍ ആറുമാസത്തിനുശേഷം രണ്ടാമത്തെ ഗഡുവായ 2,000 രൂപ ലഭിക്കും. 


കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്ത് കുട്ടിയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പുകളെടുക്കുകയും ചെയ്യുമ്പോള്‍ ആണ് മൂന്നാമത്തെ ഗഡുവായ 2,000 രൂപ ലഭിക്കുക.


ഈ തുക അമ്മയാകുന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ട്‌ വഴിയാണ് വിതരണം ചെയ്യുക. ഈ പദ്ധതിയില്‍ എ.പി.എല്‍, ബി.പി.എല്‍. വ്യത്യാസമില്ലാതെ ധനസഹായം ലഭിക്കും. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിനു കീഴിലെയോ പൊതുമേഖലാ സ്ഥാപനങ്ങളിലേയോ സ്ഥിരം ജീവനക്കാര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. 


ഇതുകൂടാതെ ആരോഗ്യവകുപ്പ് മുഖേന നടപ്പാക്കുന്ന ജനനി സുരക്ഷാ യോജന വഴി 1,000 രൂപയുടെ ധനസഹായം വേറെയും ലഭിക്കും. മൊത്തം 6000 രൂപ അമ്മമാരുടെ അക്കൗണ്ടിലെത്തും. 


സംസ്ഥാനത്തെ ഗര്‍ഭിണികളുടെ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള നിര്‍ദ്ദേശം ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് നല്‍കി കഴിഞ്ഞതായി പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.