വിസിമാരുടെ കാരണം കാണിക്കല്‍ നോട്ടീസ്; അന്തിമ തീരുമാനം കോടതി വിധിക്കു ശേഷമെന്ന് ഗവര്‍ണര്‍
സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു
വൈസ് ചാന്‍സലര്‍മാര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളില്‍ ചാന്‍സലറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി പറഞ്ഞത്.
പിന്നെങ്ങനെയാണ് അവര്‍ക്ക് ചാന്‍സലറുടെ നിയമനത്തില്‍ ഇടപെടാനാകുക എന്നും ഗവര്‍ണര്‍ ചോദിച്ചു. ചാന്‍സലര്‍ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, ഹൈക്കോടതി വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ഗവര്‍ണർ നൽകിയ മറുപടി. സർവകലാശാലകളെ മെച്ചപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.