സർവ്വകലാശാലകളിൽ ചാൻസലറുടെ അധികാരം വെട്ടികുറയ്ക്കാനുള്ള ബില്ല് ബുധനാഴ്ച നിയമസഭയിൽ.  കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കിയും വി.സിമാരുടെ പ്രായം 60ൽ നിന്ന് 65 ആക്കിയും ഉയർത്തും. ബില്ലിൻറെ കരട് പുറത്തിറങ്ങി. ലോകായുക്ത ഭേദഗതി ബില്ലുൾപ്പടെ 24-ന് ആറ് ബില്ലുകൾ സഭയിലെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

സെർച്ച് കമ്മിറ്റി മൂന്നു മാസത്തിനുള്ളിൽ മൂന്നു പേരടങ്ങുന്ന പാനൽ ചാൻസലർക്ക് സമർപ്പിക്കണം. ഈ പാനലിൽ നിന്ന്  ഭൂരിപക്ഷം അം​ഗങ്ങൾ നിർദേശിക്കുന്നയാളെ വേണം ​ഗവർണർ വി.സിയായി തെരഞ്ഞെടുക്കേണ്ടത്. സർക്കാരിന് ഭൂരിപക്ഷമുള്ള സമിതി ആയതുകൊണ്ടു തന്നെ സർക്കാരിന് താത്പര്യമുള്ളയാൾ സർവകലാശാലകളുടെ തലപ്പത്തെത്തും. ​വി.സി തെരഞ്ഞെടുപ്പിൽ ​ഗവർണറുടെ നിയന്ത്രണം ഇതോടെ ഇല്ലാതാകും.


അതിനിടെ, ലോകായുക്ത ഭേദഗതി ബില്ലും ബുധനാഴ്ച സഭയിൽ അവതരിപ്പിക്കുന്നുണ്ട്. ഇത് ഉൾപ്പെടെയുള്ള ബില്ലുകളിൽ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് സഭയിൽ രേഖപ്പെടുത്താനാണ് സാധ്യത. ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓ‍ർഡിനൻസുകളിൽ ഗവർണർ ഒപ്പിടാൻ മടിച്ച അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നിയമനിർമാണത്തിനായി പ്രത്യേക നിയമസഭ സെഷൻ വിളിച്ചു ചേർത്തത്. നിയമ നിര്‍മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ സഭ സമ്മേളിക്കായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. 


എന്നാൽ, ഓ‍ർഡിനൻസുകൾ ഗവർണർ ഒപ്പിടാതെ വന്നതോടെ പ്രത്യേക സമ്മേളനം വിളിക്കാൻ  സർക്കാർ  നിർബന്ധിതരാവുകയായിരുന്നു. ഫലത്തിൽ പത്ത് ദിവസം സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ ഇടയ്ക്ക് മൂന്ന് ദിവസം അവധി വരുന്നതിനാൽ ഏഴു ദിവസം മാത്രമായിരിക്കും പ്രത്യേക നിയമസഭാ സമ്മേളനം നടക്കുക. 


29 മുതൽ ഒന്നു വരെ  ബില്ലുകളിൽ ചർച്ചയുണ്ടാകും. എന്നാൽ, വിശദ ചർച്ചയ്ക്കു സമയം നൽകാതെ ബില്ലുകൾ പാസാക്കി പോകുന്നതിനെ പ്രതിപക്ഷം എതിർക്കും. സിപിഐ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നതിനാൽ 25,26 തീയതികളിൽ സഭ ചേരില്ല. സെപ്തംബർ രണ്ടിലെ സമ്മേളനവും ഒഴിവാക്കി ഒന്നാം തീയതി സഭ അനിശ്ചിതകാലത്തേക്ക് പിരിയും. 


അതേസമയം, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ പ്രതിപക്ഷനേതാവ് സഭയിൽ നിലപാട് വ്യക്തമാക്കി. സർക്കാർ - ഗവർണർ പോരിൽ കക്ഷി ചേരാനില്ലെന്നും വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും യോജിപ്പില്ലെന്നും സതീശൻ പറഞ്ഞു. വി.സിയെ ക്രമവിരുദ്ധമായി നിയമിച്ചത് ഗവര്‍ണറാണ്. ആ തെറ്റു തിരുത്തണം. ഗവർണർക്കും സർക്കാരിനുമിടയിൽ ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷനേതാവ്.


ചാന്‍സലര്‍ എന്ന നിലക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല ബില്ലിനെ നഖശിഖാന്തം എതിർക്കുമെന്നും സതീശൻ പറഞ്ഞു. ഒരു ദിവസം തന്നെ 6 ബില്ലുകൾ സഭയിൽ എത്തുന്നത് ബുദ്ധിമുട്ടാണെന്നും ദോശ ചുടുന്നത് പോലെ ബില്ലുകൾ അവതരിപ്പിക്കരുതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.


(നിയമസഭയിൽ നിന്ന് അഭിജിത്ത് ജയൻ സീ മലയാളം ന്യൂസ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.