CM Pinarayi Vijayan: മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല, പ്രതിപക്ഷനേതാവിന് ക്ഷണം; വിരുന്ന് ഇന്ന്
Christmas party: മുഖ്യമന്ത്രി നടത്തുന്ന ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും മതമേലധ്യക്ഷൻമാർക്കും ക്ഷണമുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് ഇന്ന്. 12 മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും സർക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി നടത്തുന്ന ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും മതമേലധ്യക്ഷൻമാർക്കും ക്ഷണമുണ്ട്.
സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ വിരുന്നിലേക്കുള്ള ക്ഷണം നിരസിച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ നിയമസഭ പാസാക്കി. സർവകലാശാകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ള സർവകലാശാല നിയമഭേദഗതി ബിൽ ആണ് സഭ പാസാക്കിയത്. ഇനി ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും. അതേസമയം ചാൻസലറായി ആരെ നിയമിക്കണം എന്ന കാര്യത്തിൽ ഭരണ-പ്രതിപക്ഷ തർക്കം നിലനിൽക്കുകയാണ്.
ALSO READ: Kerala Governor : സർക്കാരിനെതിരെ നീക്കം കടുപ്പിച്ച് ഗവർണർ ; 9 വിസിമാരോട് രാജി വെക്കാൻ നിർദ്ദേശം
വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്ന നിർദ്ദേശം പ്രതിപക്ഷം അംഗീകരിച്ചില്ല. എല്ലാ സർവകലാശാലകൾക്കുമായി ഒരു ചാൻസലർ മതിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം. നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണമെന്നും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതിയെന്നുമാണ് പ്രതിപക്ഷം മുന്നോട്ട് വച്ച നിർദ്ദേശം.
എന്നാൽ വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതിനിടെ വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പകരം നിയമസഭാ സ്പീക്കറാവാമെന്ന നിലപാടിൽ ഇരുപക്ഷവും തമ്മിൽ ധാരണയായി. എന്നാൽ ചാൻസലറെ തിരഞ്ഞെടുക്കുന്ന സമിതിയിൽ വിരമിച്ച ജഡ്ജിമാർ തന്നെ വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു. ഇത് ഭരണപക്ഷം അംഗീകരിക്കാതായതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...