തിരുവനന്തപുരം: ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. 


ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാവിലെ മുതല്‍ സംഘര്‍ഷം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമടക്കം നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഹര്‍ത്താലില്‍ പ്രതിഷേധിച്ച്‌ തുറന്ന കടകള്‍ അക്രമികള്‍ അടിച്ച്‌ തകര്‍ത്തു. 100 ഓളം കെഎസ്‌ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു. 3 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് ഹര്‍ത്താലില്‍ ഉണ്ടായത്. ഇതിനെതിരെ കെഎസ്‌ആര്‍ടിസി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രതിഷേധിച്ചു.


ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മസമിതിയും എ എച്ച് പിയും നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് ഉണ്ടായത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബോംബേറുണ്ടായി. നെയ്യാറ്റിന്‍കരയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരഞ്ഞു കല്ലെറിഞ്ഞു. മാധ്യമ പ്രവര്‍ത്തകരേയും ഒരു പൊലീസ് ഉദ്യോഗസ്ഥനേയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. ഹര്‍ത്താലില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു.