തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെ ശാക്തീകരിച്ചാലേ സ്വകാര്യമേഖലയിലെ ചൂഷണം തടയാനാകൂവെന്ന് തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീല്‍. ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യരുടെ ആഗ്രഹത്തെയാണ് സ്വകാര്യ ആശുപത്രികള്‍ ചൂഷണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിനുള്ള എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്വകാര്യ ആശുപത്രികളില്‍ ഓരോ സേവനത്തിനും എത്ര തുകയാണ് ഈടാക്കുന്നതെന്നുപോലും ജനങ്ങള്‍ക്ക് അറിയാനാവാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നിലവാരമുയര്‍ത്താനാണ് സര്‍ക്കാര്‍ 'ആര്‍ദ്രം' പദ്ധതി നടപ്പാക്കിവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 


നവീകരിച്ച ഓപ്പറേഷന്‍ തീയറ്റര്‍, നേത്ര വിഭാഗം ഓപ്പറേഷന്‍ തീയറ്റര്‍, ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ്, ആര്‍.ജി.സി.ബി ലാബ്, പവര്‍ ലോണ്‍ട്രി എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. 11 യൂണിറ്റുകള്‍ അടങ്ങിയ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. എച്ച്.എല്‍.എല്‍ ലാബിന്‍റെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ. ഷൈലജാ ബീഗവും ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറിന്‍റെ ഉദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും നിര്‍വഹിച്ചു.