തിരുവനന്തപുരം: സിൽവർലൈൻപദ്ധതിയുടെ സര്‍വേയുടെ ഭാഗമായി അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ്  തിരുത്തൽ നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായി തീർന്നത്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഇനി മുതൽ അതിരടയാള കല്ലുകൾ സ്ഥാപിക്കേണ്ടതില്ലെന്ന് റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം അഞ്ചാം തീയതി  കെ-റയിൽ എ.ഡി റന്യൂ വകുപ്പിന് നൽകിയെ കത്തിന്റെ  അടിസ്ഥാനത്തിലാണ് നടപടി. സര്‍വേയുടെ ഭാഗമായുളള കല്ലിടൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുന്നതായും പദ്ധതിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകുന്നില്ലെന്നും കെ.റെയിൽ സർക്കാരിനെ അറിയിച്ചിരുന്നു. കല്ലിടൽ വേണമെങ്കിൽ ഒഴിവാക്കാമെന്നും ജിപിഎസ് പോലുള്ള മാർഗ്ഗങ്ങളിലൂടെ സര്‍വേ നടത്താൻ കഴിയുമെന്നും കെ.റെയിൽ എം.ഡി വ്യക്തമാക്കിയിരുന്നു.


 ഇതിന് പിന്നാലെയാണ് കല്ലിടൽ നിർത്തിക്കൊണ്ടുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്. പ്രകോപനം സഷ്ടിച്ച് കൊണ്ട് മുന്നോട്ട് പോകേണ്ടതില്ലെന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാരിന്ഡറെ പുതിയ തീരുമാനം. എന്നാൽ സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും.സര്‍വേ നടപടികളിൽ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് റവന്യു വകുപ്പ് വിശദീകരിക്കുന്നു.


അതിരടയാളക്കല്ലുകൾ സ്ഥാപിച്ച്കൊണ്ടുള്ള സർവ്വേക്കെതിരെ വ്യാപക പ്രതിഷേധമാണ് തുടക്കം മുതൽ സംസ്ഥാനത്ത് നിലനിൽക്കുന്നത്. കല്ലുകൾ പിഴുതെറിഞ്ഞ് കൊണ്ടുള്ള പ്രതിഷേധം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ  സംസ്ഥാനത്ത് തൽക്കാലം കല്ലിടൽ നിർത്തിവച്ചിരിക്കുകയാണ്. കല്ലിടലിന്റെ ഭാഗമായി സംഘർഷങ്ങൾ ഉണ്ടായാൽ അത് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കും എന്ന വിലയിരുത്തലിന്റെ  അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കല്ലിടൽ നിർത്തിവച്ചത്.


തൃക്കാക്കരയിൽ മുഖ്യ പ്രചരണ വിഷയമാണ് സിൽവർലൈൻ പദ്ധതി . എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. സിൽവർലൈൻ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ ഇപ്പോഴും വ്യാപകമായ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കല്ലിടൽ പൂർണമായും ഉപേക്ഷിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.