തിരുവനന്തപുരം: ജിഎസ്ടി (ചരക്ക് സേവന നികുതി) നിലവില്‍ വന്നതിനുശേഷം വില കുറയ്ക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജിഎസ്ടിക്ക് ശേഷവും വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര രീതിയില്‍ ഇടപെട്ടില്ലെന്നും തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.


ജിഎസ്ടി നിലവില്‍ വന്നതിന് മുന്‍പും ശേഷവും ഉല്പന്നങ്ങളുടെ വിലയിലുണ്ടായ മാറ്റങ്ങള്‍ പരിശോധിച്ച്‌ വില കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറായിട്ടില്ല. ഇത് ഗുരുതര കുറ്റമാണ്. 


75 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള ഹോട്ടലുകളില്‍ 18 ശതമാനം നികുതി ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുപ്പിവെള്ളത്തിന് എംആര്‍പി വിലയെ കൂടാതെ നികുതി ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരേയും നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.


ചരക്ക് സേവന നികുതി നിലവില്‍ വന്നതിനുശേഷവും സംസ്ഥാനത്ത് വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച മന്ത്രി, ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഈ ആഴ്ച രൂപീകരിക്കുമെന്നും അറിയിച്ചു. ജിഎസ്ടിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും ആദ്യമാസത്തിലെ വരുമാനം മാത്രം നോക്കി ഒന്നും പറയാനാവില്ലെന്നും ഐസക് പറഞ്ഞു.