കൊച്ചി: മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി അംഗീകരിച്ച് എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍റെ നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി.  


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യ എയ്ഡഡ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ മാത്രമായിരുന്ന ബാബു സെബാസ്റ്റ്യന് നിയമനത്തിന് തക്ക യോഗ്യതയില്ലെന്നും മതിയായ യോഗ്യത ഉള്ളവരെ അവഗണിച്ചുവെന്നും ഹൈക്കോടതി കണ്ടെത്തി.


10 വർഷത്തെ അധ്യാപന യോഗ്യത വേണമെന്ന് ഹർജിക്കാരനായ പ്രേംകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ബാബു സെബാസ്റ്യൻ സ്റ്റേറ്റ് ഇൻസ്റ്റ്യട്ട് ഓഫ്‌ എഡ്യൂക്കേഷൻ ടെക്നോളജിയില്‍ പത്തര വർഷം ജോലിചെയ്തിരുന്നെങ്കിലും അത് നിയമപരമായി നിലനിൽക്കാത്തതിനാലാണ് നിയമനം ഹൈക്കോടതി റദ്ദാക്കിയത്.


നിയമനത്തിനുള്ള സേർച്ച്‌ കമ്മിറ്റിയും നിയമപരമായി നില നില്ക്കില്ല. ബെന്നി ബഹനാൻ അംഗമായ സേർച്ച്‌ കമ്മിറ്റിയെയും പരാതിക്കാരൻ ചോദ്യം ചെയ്തിരുന്നു. സെനറ്റിലും സിണ്ടിക്കേറ്റിലും അംഗങ്ങളായവർ സേർച്ച്‌ കമ്മിറ്റിയിൽ ഉണ്ടാകരുതെന്നായിരുന്നു ചട്ടം എന്നാല്‍, ബെന്നി ബഹനാന്‍ വന്നതിലൂടെ ആ ചട്ടം അട്ടിമറിക്കപ്പെട്ടതായി കോടതിയുടെ ശ്രദ്ധയില്‍പെട്ടു. 


അതേസമയം വിസി ആകാന്‍ യോഗ്യതയുണ്ടെന്നു തന്നെയാണ് വിശ്വാസമെന്നും ഗുഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തുടര്‍നടപടികള്‍ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും മുന്‍ വിസി ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു.