വയനാട്: ആദിവാസി മേഖലകളില്‍ രോഗനിര്‍ണയം എളുപ്പത്തിലാക്കാനും അതുവഴി രോഗങ്ങള്‍ തടയാനും സഹായിക്കുന്ന പരിശോധനാ സംവിധാനമായ ഹെല്‍ത്ത് ക്യൂബിന് വയനാട് ജില്ലയില്‍ തുടക്കമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോര്‍പ്പറേറ്റീവ് സര്‍വീസ് റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി വാങ്ങി നല്‍കിയ ഹെല്‍ത്ത് ക്യൂബ് എന്ന ഉപകരണം ജില്ലാ കളക്ടര്‍ എസ്.സുഹാസിന്  ഐഡിയ എച്ച്.ആര്‍.വിഭാഗം മേധാവി കൃഷ്ണപ്രസാദ് കൈമാറി. 


ഏഴ് ഹെല്‍ത്ത് ക്യൂബ് യൂണിറ്റുകളാണ് വയനാട് ജില്ലയ്ക്ക് ലഭിക്കുക. ഈ ഉപകരണം ഉപയോഗിച്ച് പ്രധാനപ്പെട്ട 24 ടെസ്റ്റുകള്‍ നടത്താന്‍ കഴിയും. ഒരു യന്ത്രത്തിന് 65000 രൂപ വിലവരും. ഷുഗര്‍, ബി.പി., ടൈഫോയ്ഡ്, ഗര്‍ഭധാരണടെസ്റ്റ്, മൂത്രപരിശോധന, എച്ച്.ഐ.വി., മലേറിയ തുടങ്ങിയ  പരിശോധന കുറഞ്ഞ സമയത്തിനുള്ളില്‍ നടത്താന്‍ കഴിയും. 


ബത്തേരി ട്രൈബല്‍ മൊബൈല്‍ യൂണിറ്റില്‍ ഇതിന്‍റെ ആദ്യ ഘട്ടം പരിശോധനകള്‍ക്ക് തുടക്കമിടാനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് ജില്ലയിലുള്ള ആറ് ട്രൈബല്‍ മൊബൈല്‍ യൂണിറ്റുകളില്‍ക്കൂടി മെഷീന്‍ വഴി പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തും. 


എറണാകുളത്ത് എന്‍.എച്ച്.എം.ന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ക്യൂബ് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. വയനാട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഐഡിയ സെല്ലുലാര്‍ കമ്പനിയുടെ സഹായത്തോടെയാണ് ഹെല്‍ത്ത് ക്യൂബ് എന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നത്.